എന്തിനാ പ്രതിഷേധിക്കുന്നെ? സഭാ നേതൃത്വത്തെ പരിഹസിച്ച് മലങ്കര ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ മെത്രാപ്പൊലീത്ത

സഭാ നേതൃത്വത്തിന് നേരെ പരിഹാസവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ മെത്രാപ്പൊലീത്ത യൂഹാനോന്‍ മാര്‍ മിലിത്തിയോസ്. ഛത്തീസ്ഗഡില്‍ രണ്ട് മലയാളി കന്യാസ്ത്രീകളെ മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്ത പശ്ചാത്തലത്തില്‍ 'പ്രതിഷേധം വ്യാപകം' എന്ന വാര്‍ത്തയുടെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചുകൊണ്ടായിരുന്നു പരിഹാസം.
'എന്തിനാ പ്രതിഷേധിക്കുന്നെ, അടുത്ത പെരുന്നാളിനു ഡല്‍ഹിയില്‍ ഒന്നുകൂടെ വിളിച്ച് ആദരിച്ചാല്‍ പോരേ?,' വാര്‍ത്ത പങ്കുവച്ചുകൊണ്ട് യൂഹാനോന്‍ മാര്‍ മിലിത്തിയോസ് കുറിച്ചു. കണ്ണൂര്‍ തലശേരി ഉദയഗിരിയില്‍ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂരില്‍ പ്രീതി മേരി എന്നിവരാണ് വെള്ളിയാഴ്ച ഛത്തീസ്ഗഡില്‍ അറസ്റ്റിലായത്. സഭയുടെ കീഴിലുള്ള ആശുപത്രികളിലേക്കും ഓഫീസുകളിലേക്കും ജോലിക്കായി ദുര്‍ഗില്‍ നിന്ന് മൂന്ന് പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുപോകാനെത്തിയപ്പോഴായിരുന്നു അറസ്റ്റ്.
പെണ്‍കുട്ടികള്‍ക്ക് പ്ലാറ്റ്ഫോം ടിക്കറ്റില്ലെന്ന് പറഞ്ഞ് റെയില്‍വേ പൊലീസ് അധികൃതരും പിന്നീട് സമാന്തരമായി ബജ്റംഗ്ദള്‍ പ്രവര്‍ത്തകരും ചോദ്യം ചെയ്തുവെന്നാണ് ആരോപണം. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. റിമാന്‍ഡിലായ കന്യാസ്ത്രീകള്‍ നിലവില്‍ ദുര്‍ഗ് ജയിലിലാണുള്ളത്.