മാനവികതയെ മഹത്വവത്കരിക്കുകയാണ് ആധുനിക വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം: മാര്‍ ജേക്കബ് മുരിക്കന്‍

 
5353

പെരുവന്താനം: മാനവികതയെ മഹത്വവത്കരിക്കുകയാണ് ആധുനിക വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് മാര്‍ ജേക്കബ് മുരിക്കന്‍.

പെരുവന്താനം സെന്റ് ആന്റണീസ് കോളജ് ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥികളുടെ ഉന്നത വിദ്യാരംഭത്തിന്റെയും ജ്ഞാനദീപ പ്രകാശനത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

സമൂഹത്തെ ശുദ്ധീകരിക്കുന്നതിനുള്ള ഉത്തരവാദിത്വം വിദ്യാര്‍ഥികളിലാണ് നിക്ഷിപ്തമായിരിക്കുന്നതെന്നും സ്വയം ശുദ്ധീകരിക്കുന്നതിനൊപ്പം സമൂഹ ശുദ്ധീകരണത്തിനും വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങണമെന്നും മാര്‍ ജേക്കബ് മുരിക്കന്‍ പറഞ്ഞു. 

പുതിയ ലോകം ജയിക്കുന്നവരുടേതാണെന്നും വിദ്യാര്‍ഥികള്‍ തങ്ങളുടെ അഭിരുചിക്ക് അനുസൃതമായ കോഴ്‌സുകള്‍ തെരഞ്ഞെടുത്ത് ജീവിതവിജയത്തിലേക്ക് സഞ്ചരിക്കണമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച എംജി യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. സിറിയക് തോമസ് പറഞ്ഞു. ഓറിയന്റേഷന്‍ പ്രോഗ്രാമുകളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.

സമ്മേളനത്തില്‍ എഡ്യൂക്കേഷണല്‍ എക്‌സലന്‍സ്, ഗുരുശ്രേഷ്ഠ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടിയ പ്രിന്‍സിപ്പല്‍ ഡോ. ആന്റണി ജോസഫ് കല്ലമ്ബള്ളിയെ അനുമോദിച്ചു. കോളജ് ചെയര്‍മാന്‍ ബെന്നി തോമസ് ആമുഖപ്രഭാഷണവും റവ.ഡോ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍ അനുഗ്രഹപ്രഭാഷണവും നടത്തി.

പുതുതായി പ്രവേശനം നേടിയ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും മാര്‍ ജേക്കബ് മുരിക്കന്‍, ഡോ. സിറിയക് തോമസ്, റവ.ഡോ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍ എന്നിവര്‍ ജ്ഞാനദീപം പകര്‍ന്നു നല്‍കി. ചടങ്ങില്‍ ഇന്റഗ്രേറ്റഡ്, പ്രഫഷണല്‍ കോഴ്‌സുകള്‍ക്ക് ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ സ്വര്‍ണപ്പതക്കവും മെമന്റോയും നല്‍കി ആദരിച്ചു.

പ്രിന്‍സിപ്പല്‍ ഡോ. ആന്റണി ജോസഫ്, വൈസ് പ്രിന്‍സിപ്പല്‍ സുപര്‍ണ രാജു, സെക്രട്ടറി ടിജോമോന്‍ ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.

പുതുതായി പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് പത്തു ദിവസം നീണ്ടുനില്‍ക്കുന്ന ഓറിയന്റേഷന്‍ പ്രോഗ്രാമില്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ്, മിഷന്‍ ലേണിംഗ്, സൈബര്‍ സെക്യൂരിറ്റി ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും.


 

Tags

Share this story

From Around the Web