കൊച്ചിയില്‍ ഷവര്‍മ്മയും ഷവായയും കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടല്‍ പൂട്ടി

കൊച്ചി: എറണാകുളം രവിപുരത്ത് ഷവര്‍മ്മയും ഷവായയും കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഇരിങ്ങാലക്കുട സ്വദേശികളായ ആന്‍ മരിയ (23), ജിപ്‌സണ്‍ ഷാജന്‍ (22), ആല്‍ബിന്‍ (25) എന്നിവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
സംഭവത്തെത്തുടര്‍ന്ന് രവിപുരത്തെ റിയല്‍ അറേബ്യ ഹോട്ടല്‍ കൊച്ചി കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം അടപ്പിച്ചു. ഈ മാസം 16നാണ് ഇവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്. അങ്കമാലിയില്‍ ജോലി ചെയ്യുന്ന ഇവര്‍ കമ്പനി ആവശ്യത്തിനായാണ് കൊച്ചിയിലെത്തിയത്.
ചിക്കന്‍ ഷവര്‍മയും ഷവായിയും കഴിച്ച ഇവര്‍ക്ക് വൈകിട്ട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഛര്‍ദ്ദിയും പനിയും വയറിളക്കവും പിടിപെട്ട ഇവര്‍ കൊച്ചിയിലെ ഒരു ആശുപത്രിയില്‍ ചികിത്സ തേടി. പിറ്റേന്ന് വീണ്ടും വയ്യാതായതോടെ യുവതിയെ അവര്‍ ജോലി ചെയ്യുന്ന അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍ നില വഷളായതോടെ മറ്റൊരു സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ഈ ഹോട്ടലില്‍ നിന്നും ഇതേദിവസം ഭക്ഷണം കഴിച്ച നിരവധി പേര്‍ക്ക് ഭക്ഷ്യവിഷ ബാധയുണ്ടായതായും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് പരാതി നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.