തലശേരി അതിരൂപതയിലെ പരിശുദ്ധ മൂറോന്‍ തൈലം വെഞ്ചരിപ്പ് കര്‍മം ആലക്കോട് ഫൊറോന പള്ളിയില്‍ നടന്നു

ആലക്കോട്: തലശേരി അതിരൂപതയിലെ പരിശുദ്ധ മൂറോന്‍ തൈലം വെഞ്ചരിപ്പ് കര്‍മം ആലക്കോട് സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ നടന്നു. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി മുഖ്യകാര്‍മികത്വം വഹിച്ചു. ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജോര്‍ജ് ഞറളക്കാട്ട് തിരുക്കര്‍മങ്ങളിലും വിശുദ്ധ കുര്‍ബാനയിലും പങ്കെടുത്തു.
മാമ്മോദീസ, സ്ഥൈര്യലേപനം, പട്ടം നല്‍കല്‍, തൈലാഭിഷേകം എന്നിവയ്ക്ക് ഉപയോഗിക്കുന്ന അഭിഷേക തൈലത്തിന്റെ വെഞ്ചരിപ്പ് കര്‍മമാണ് മൂറോന്‍. അതിരൂപതയിലെ എല്ലാ പള്ളികളിലേക്കുള്ള തൈലത്തിന്റെ വെഞ്ചരിപ്പ് കര്‍മമാണ് നടന്നത്.
വിശുദ്ധ കുര്‍ബാനയിലും അഭിഷേകതൈലത്തിന്റെ വെഞ്ചരിപ്പ് കര്‍മത്തിലും അതിരൂപതയിലെ 350ഓളം വൈദികര്‍ പ്രദക്ഷിണമായി പള്ളിയില്‍ പ്രവേശിച്ച് തിരുക്കര്‍മങ്ങളില്‍ പങ്കുചേര്‍ന്നു. മൂറോന്‍ തൈല വെഞ്ചരിപ്പ് കര്‍മത്തില്‍ നിരവധി വിശ്വാസികളും പങ്കെടുത്തു. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് ആലക്കോട് ഫൊറോന പള്ളി മൂറോന്‍ തൈലം വെഞ്ചിരിപ്പിന് ആതിഥേയത്വം വഹിക്കുന്നത്.