ബ്രസീലിലെ രക്തസാക്ഷികള്‍ക്കായി കടലിനടിയില്‍ 40 കുരിശുകള്‍

 
canary


കാനറി:ക്രിസ്തുവിശ്വാസത്തെപ്രതി ജീവന്‍ ബലികഴിച്ച 40 ധീരരായ യുവ മിഷനറിമാരുടെ ഓര്‍മ്മയ്ക്കായി കടലിനടിയില്‍ നിര്‍മ്മിച്ച വിസ്മയകരമായ സ്മാരകം ആഗോളതലത്തില്‍ വിശ്വാസികളുടെയും സഞ്ചാരികളുടെയും ശ്രദ്ധയാകര്‍ഷിക്കുന്നു. 


കാനറി ദ്വീപിന് സമീപം സമുദ്രനിരപ്പില്‍ നിന്നും 20 മീറ്റര്‍ ആഴത്തിലാണ് ഈ ധീര രക്തസാക്ഷികളുടെ സ്മരണ പുതുക്കുന്ന 40 ശിലാകുരിശുകള്‍ സ്ഥാപിച്ചിരിക്കുന്നത്. 


ലബനോനില്‍ നിന്ന് ബ്രസീലിലേക്ക് മിഷനറി പ്രവര്‍ത്തനങ്ങള്‍ക്കായി യാത്ര തിരിച്ചതായിരുന്നു ഫാ. ഇഗ്‌നാസിയോ ഡി അസെവേഡോയും അദ്ദേഹത്തിന്റെ സംഘവും. 

രണ്ട് വൈദികരും, 23 നോവീസുമാരും, ഏഴ് വിദ്യാര്‍ത്ഥികളും, രണ്ട് സഹായികളും അടങ്ങുന്നതായിരുന്നു ഈ സംഘം. യാത്രയ്ക്കിടയില്‍ കാനറി ദ്വീപില്‍ എത്തിയപ്പോള്‍ത്തന്നെ ക്രൈസ്തവ വിരുദ്ധരുടെ ആക്രമണത്തിന് തങ്ങള്‍ ഇരയാകുമെന്ന് ഫാ. ഇഗ്‌നാസിയോ മുന്‍കൂട്ടി തിരിച്ചറിഞ്ഞിരുന്നു. 

തുടര്‍ന്ന്, വിശ്വാസത്തിനുവേണ്ടി ജീവന്‍ നല്‍കാന്‍ തയ്യാറാണോ എന്ന് അദ്ദേഹം കൂടെയുള്ള യുവാക്കളോട് ചോദിക്കുകയും, ഏവരും ധീരമായി ആ വെല്ലുവിളി ഏറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് യാത്രാമധ്യേ കപ്പല്‍ വളഞ്ഞ അക്രമികള്‍ മിഷനറിമാരെ ക്രൂരമായി കൊലപ്പെടുത്തി കടലിലേക്ക് എറിയുകയായിരുന്നു.

 'ഞാന്‍ വിശുദ്ധ കത്തോലിക്കാ സഭയ്ക്കു വേണ്ടിയാണ് മരിക്കുന്നത്, സ്വര്‍ഗ്ഗത്തില്‍ ഞാന്‍ നിങ്ങള്‍ക്കായി കാത്തിരിക്കും' എന്ന് പറഞ്ഞുകൊണ്ടാണ് ഫാ. ഇഗ്‌നാസിയോയും സംഘവും രക്തസാക്ഷിത്വം വരിച്ചത്. 


1999 ല്‍ കൗണ്‍സില്‍ ഓഫ് ലാ പാല്‍മയും വിവിധ സംഘടനകളും ചേര്‍ന്നാണ് രക്തസാക്ഷികള്‍ കൊല്ലപ്പെട്ട അതേ സ്ഥലത്ത് കടലിനടിയില്‍ 40 ശിലാകുരിശുകള്‍ സ്ഥാപിച്ചത്. ഇന്ന് അണ്ടര്‍വാട്ടര്‍ ഫോട്ടോഗ്രാഫര്‍മാരുടെയും സഞ്ചാരികളുടെയും പ്രധാന കേന്ദ്രമാണ് ഈ സ്മാരകം. 


2014 ല്‍ ഈ ധീരരായ മിഷനറിമാരോടുള്ള ആദരസൂചകമായി തീരപ്രദേശത്ത് 13 അടി ഉയരമുള്ള മറ്റൊരു കുരിശും സ്ഥാപിക്കുകയുണ്ടായി. 

ബ്രസീലിലെ രക്തസാക്ഷികള്‍ എന്ന് അറിയപ്പെടുന്ന ഇവരുടെ വിശ്വാസതീക്ഷ്ണത ഇന്നും ലോകമെമ്പാടുമുള്ള വിശ്വാസികള്‍ക്ക് വലിയ പ്രചോദനമാണ്.

Tags

Share this story

From Around the Web