ലോകമെമ്പാടും 38.8 കോടി ക്രൈസ്തവര്‍ പീഡനം നേരിടുന്നു: മുന്നറിയിപ്പുമായി വിദഗ്ധര്‍

 
LOKAMA



ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവേചനവും അക്രമവും പീഡനങ്ങളും മൂലം മതസ്വാതന്ത്ര്യം ക്രമാതീതമായി തകര്‍ച്ച നേരിടുകയാണെന്ന് ഇറ്റലിയില്‍ നടന്ന അന്താരാഷ്ട്ര കത്തോലിക്കാ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിച്ച വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ഇറ്റലിയിലെ റിമിനിയില്‍ നടന്ന 'മീറ്റിംഗ് ഫോര്‍ ഫ്രണ്ട്ഷിപ്പ് എമംഗ് പീപ്പിള്‍സ്' സമ്മേളനത്തിന്റെ ഭാഗമായി നടന്ന ചര്‍ച്ചയിലാണ് ആഗോളതലത്തില്‍ ഉയരുന്ന ഈ ഭീഷണികള്‍ ചൂണ്ടിക്കാണിക്കപ്പെട്ടത്.

ലോകമെമ്പാടും പീഡനങ്ങള്‍ നേരിടുന്ന ക്രൈസ്തവരുടെ എണ്ണം 38.8 കോടിയായി ഉയര്‍ന്നുവെന്ന് ഓപ്പണ്‍ ഡോര്‍സ് 'വേള്‍ഡ് വാച്ച് ലിസ്റ്റ് 2026' റിപ്പോര്‍ട്ട് ഉദ്ധരിച്ച് വിദഗ്ധര്‍ വ്യക്തമാക്കി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 80 ലക്ഷം ആളുകളുടെ വര്‍ധനവാണിത്. 


ലോകത്ത് ഏഴില്‍ ഒരു ക്രിസ്ത്യാനി വീതം ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്. 

നൈജീരിയയില്‍ തീവ്രവാദ ഗ്രൂപ്പുകളും ഐഎസ് അനുബന്ധ സംഘടനകളും നടത്തുന്ന അക്രമങ്ങളില്‍ മതവ്യത്യാസമില്ലാതെ ജനങ്ങള്‍ കൊല്ലപ്പെടുന്നുവെന്ന് സൊകോട്ടോ രൂപതാ ബിഷപ്പ് മാത്യു ഹസന്‍ കുക്ക ചൂണ്ടിക്കാട്ടി. 

മധ്യപൂര്‍വേഷ്യന്‍ സംഘര്‍ഷങ്ങളും ലെബനന്‍ അടക്കമുള്ള രാജ്യങ്ങളിലെ ക്രൈസ്തവരുടെ നിലനില്‍പ്പിനെ ബാധിക്കുന്നുണ്ട്.


ഏകാധിപത്യ ഭരണകൂടങ്ങളുടെ എതിര്‍പ്പുകള്‍, സബ്-സഹാറന്‍ ആഫ്രിക്കയില്‍ ഇസ്ലാമിക് തീവ്രവാദത്തിന്റെ വ്യാപനം എന്നിവയ്ക്ക് പുറമെ, മതവിശ്വാസത്തെ തികച്ചും വ്യക്തിപരമായ കാര്യമായി മാത്രം ചുരുക്കി പൊതുമണ്ഡലത്തില്‍ നിന്ന് പുറന്തള്ളാനുള്ള മതേതര സമൂഹങ്ങളുടെ പ്രവണതയും ഒരു ഭീഷണിയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

മതസ്വാതന്ത്ര്യ സംരക്ഷണത്തിനായി അന്താരാഷ്ട്ര നയതന്ത്ര ഇടപെടലുകള്‍ ശക്തമാക്കണമെന്നും, പീഡനങ്ങള്‍ നേരിടുന്ന പ്രദേശങ്ങളിലെ പ്രാദേശിക സഭകളെയും സ്‌കൂളുകളെയും ആശുപത്രികളെയും പിന്തുണച്ച് ജനങ്ങള്‍ സ്വന്തം മണ്ണില്‍ നിന്ന് പലായനം ചെയ്യുന്നത് തടയണമെന്നും ഇറ്റലിയുടെ പ്രത്യേക പ്രതിനിധി മരിയ ക്രിസ്റ്റ്യാന മെലെ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അഭിപ്രായപ്പെട്ടു.

Tags

Share this story

From Around the Web