അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാന്റെ വ്യോമാക്രമണം: 36 സാധാരണക്കാർ കൊല്ലപ്പെട്ടു, 160 പേർക്ക് പരിക്ക്
അതിർത്തി തർക്കങ്ങളും നയതന്ത്ര ബന്ധങ്ങളും വഷളാകുന്നതിനിടയിൽ, അഫ്ഗാനിസ്ഥാൻ അതിർത്തിക്കുള്ളിൽ പാക്കിസ്ഥാൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 36 സാധാരണക്കാർ കൊല്ലപ്പെട്ടതായി അഫ്ഗാൻ അധികൃതർ സ്ഥിരീകരിച്ചു. ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 160-ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.
പാക്കിസ്ഥാനിൽ വർദ്ധിച്ചുവരുന്ന തീവ്രവാദ ആക്രമണങ്ങൾക്ക് മറുപടിയായാണ് അതിർത്തി കടന്നുള്ള ഈ സൈനിക നടപടിയെന്ന് പാക്കിസ്ഥാൻ ഇൻഫർമേഷൻ മന്ത്രി അതാവുള്ള താരാർ വ്യക്തമാക്കി. ഞായറാഴ്ച രാത്രി അതിർത്തി മേഖലകളിൽ നടത്തിയ കരസേനയുടെ ഓപ്പറേഷനിലും തുടർന്നുണ്ടായ വ്യോമാക്രമണങ്ങളിലും 29 തീവ്രവാദികളെ വധിച്ചതായും പാക്കിസ്ഥാൻ അവകാശപ്പെട്ടു.
പാക്കിസ്ഥാന്റെ ആക്രമണത്തെ അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാർ ശക്തമായി അപലപിച്ചു. ഇതൊരു “ഭീരുത്വപരമായ അധിനിവേശവും ക്രൂരതയുമാണ്” എന്ന് അഫ്ഗാൻ ഡെപ്യൂട്ടി വക്താവ് ഹംദുള്ള ഫിത്രത് പ്രതികരിച്ചു. ചംകാനി ജില്ലയിലെ ഒരു വീടിന് നേരെയാണ് പാക്കിസ്ഥാൻ ആദ്യം ആക്രമണം നടത്തിയത്. ഇതിൽ ഒരു വൃദ്ധനും കുട്ടിയും കൊല്ലപ്പെട്ടു. തകർന്ന വീടിനുള്ളിൽ നിന്നും ആളുകളെ രക്ഷിക്കാൻ പ്രദേശവാസികൾ ഒത്തുകൂടിയ സമയത്ത് പാക്കിസ്ഥാൻ വീണ്ടും അവിടെ ബോംബാക്രമണം നടത്തി. രണ്ടാമതുണ്ടായ ഈ വ്യോമാക്രമണത്തിലാണ് 28 ഗ്രാമീണർ കൊല്ലപ്പെടുകയും 158 പേർക്ക് പരിക്കേൽക്കുകയും ചെയ്തത്.
ഗിയാൻ ജില്ലയിലെ ഒരു ഗ്രാമത്തിലുണ്ടായ ആക്രമണത്തിൽ ഒരു വീട് തകരുകയും സ്ത്രീകളും കുട്ടികളും അടക്കം ആറ് പേർ കൊല്ലപ്പെടുകയും ചെയ്തു.