കാറിന് 3,400 ഉമ്മകള്‍: പ്രണയം ലിപ്സ്റ്റിക് മഴയാക്കി കാമുകി: 5,500 പിഴയിട്ട് ഒടുവില്‍ കാര്‍ കഴുകിച്ച് പോലീസ്
പ്രണയം പ്രകടിപ്പിക്കാന്‍ ആളുകള്‍ പല വഴികളും തിരഞ്ഞെടുക്കാറുണ്ട്. എന്നാല്‍ മധ്യപ്രദേശിലെ ഗ്വാളിയോറില്‍ നിന്നുള്ള ഒരു യുവതി തിരഞ്ഞെടുത്ത വഴി സോഷ്യല്‍ മീഡിയയെയും പോലീസിനെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.
തന്റെ കാമുകന്റെ പ്രിയപ്പെട്ട മാരുതി സ്വിഫ്റ്റ് കാറിനോടായിരുന്നു യുവതിയുടെ അതിരുകടന്ന പ്രണയപ്രകടനം. വെറുമൊരു റോസാപ്പൂവിലോ സന്ദേശത്തിലോ ഒതുക്കാതെ, വെറും നാല് മണിക്കൂറിനുള്ളില്‍ കാറിന്റെ ബോണറ്റ് മുതല്‍ ഡിക്കിയും വീലുകളും വരെ ചുവന്ന ലിപ്സ്റ്റിക് കൊണ്ട് 3,400 ചുംബന മുദ്രകളാണ് യുവതി പതിപ്പിച്ചത്.
ഇന്‍സ്റ്റഗ്രാമിലെ പ്രശസ്തമായ ഒരു ട്രെന്‍ഡില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് കാമുകനായ ആദിത്യ സിക്കര്‍വാറിന്റെ കാറിനെ യുവതി ഒരു റണ്ണിങ് ആര്‍ട്ട് ഗാലറിയാക്കി മാറ്റിയത്. കാറിന്റെ വീഡിയോയും ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതോടെ സംഗതി നിമിഷനേരം കൊണ്ട് കാട്ടുതീ പോലെ വൈറലായി. ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടതും ലൈക്ക് ചെയ്തതും.
എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ഈ ലൈക്കുകളുടെ ആഘോഷം അധികനേരം നീണ്ടുനിന്നില്ല. വൈറല്‍ വീഡിയോ ഗ്വാളിയോര്‍ ട്രാഫിക് പോലീസിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. വീഡിയോയില്‍ നിന്ന് കാറിന്റെ നമ്പര്‍ പ്ലേറ്റ് സൂം ചെയ്തെടുത്ത പോലീസ് മിനിറ്റുകള്‍ക്കകം താത്തിപൂര്‍ ഏരിയയില്‍ വെച്ച് കാറും കാമുകനെയും പൊക്കി.
പൊതുസ്ഥലത്ത് ശല്യമുണ്ടാക്കല്‍, ട്രാഫിക് നിയമലംഘനം, പൊതു-സ്വകാര്യ സ്വത്തുക്കള്‍ക്ക് കേടുപാട വരുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി പോലീസ് ഉടന്‍ തന്നെ നടപടിയെടുത്തു.
5,500 രൂപ പിഴ ചുമത്തിയതിന് പുറമേ, പോലീസുകാരുടെയും വഴിയാത്രക്കാരുടെയും സാന്നിധ്യത്തില്‍ കാറിലെ ലിപ്സ്റ്റിക് പാടുകള്‍ പൂര്‍ണ്ണമായി കഴുകി വൃത്തിയാക്കാനും പോലീസ് ഉത്തരവിട്ടു.
അടുത്തുള്ള സര്‍വീസ് സ്റ്റേഷനില്‍ നിന്ന് വാട്ടര്‍ പമ്പും തുണിയും വാങ്ങി മണിക്കൂറുകളെടുത്ത് കാര്‍ കഴുകി വൃത്തിയാക്കിയ ശേഷമാണ് ഇവരെ പോലീസ് വിട്ടയച്ചത്.
സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. പ്രണയപ്രകടനത്തിന്റെ 'തീവ്രത' കണ്ട് ചിലര്‍ തമാശ രൂപേണ പ്രതികരിച്ചപ്പോള്‍, പൊതുസ്ഥലങ്ങളില്‍ ഇത്തരം അനാവശ്യ പ്രകടനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ പോലീസ് എടുത്ത ശക്തമായ നടപടിയെ ഭൂരിഭാഗം ആളുകളും സ്വാഗതം ചെയ്തു.