കുരിശ് നശിപ്പിച്ച നടപടി വെല്ലുവിളി: കേരളാ കോണ്‍ഗ്രസ് (എം)
തൊടുപുഴ: തൊമ്മന്‍കുത്ത് സെന്റ് തോമസ് പള്ളി സ്ഥാപിച്ച കുരിശ് നശിപ്പിച്ച വനം വകുപ്പിന്റെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കേരളാ കോണ്‍ഗ്രസ് (എം) തൊടപുഴ നിയോജകമണ്ഡലം നേതൃയോഗം.
65 വര്‍ഷത്തിലധികമായി കൈവശത്തിലുള്ള ഭൂമിയിലാണ് പള്ളി കുരിശ് സ്ഥാപിച്ചത്. ഈ പ്രദേശത്തെ വസ്തുവിന്റെ പട്ടയനടപടികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കി കൈ വശക്കാര്‍ക്ക് പട്ടയം കൊടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നതാണ്.
മാത്രവുമല്ല ജോയിന്റ് വെരിഫിക്കേഷനും വസ്തുവിന്റെ അളവും ആരംഭിച്ചു കഴിഞ്ഞതാണ്. ആ വസ്തുവിലാണ് കുരിശ് സ്ഥാപിച്ചിരുന്നത്. ജണ്ടക്കു വെളിയിലുള്ള കൈവശഭൂമിയില്‍ അവകാശം സ്ഥാപിക്കാന്‍ വനംവകുപ്പിനു യാതൊരു അവകാശവുമില്ല. കര്‍ഷകരുടെ കൈ വശമുള്ള കൃഷി സ്ഥലങ്ങളും റവന്യു ഭൂമിയും കൈയേറി വന വിസ്തൃതിവര്‍ധിപ്പിക്കാനുള്ള വനം വകുപ്പിന്റെ ഗൂഡ നീക്കാമാണിത്.
ഇതു അംഗീകരിക്കുന്ന പ്രശ്‌നമില്ലന്നു സംഭവ സ്ഥലവും വികാരിയച്ചനെയും സന്ദര്‍ശിച്ച് കാര്യങ്ങള്‍ ബോധ്യപ്പെട്ട നേതാക്കളായ പ്രഫ. കെ.ഐ. ആന്റണി, അഗസ്റ്റിന്‍ വട്ടക്കുന്നേല്‍, റെജി കുന്നംകോട്ട്, ജിമ്മി മറ്റത്തിപ്പാറ എന്നിവര്‍ പറഞ്ഞു.
ആരാധനയ്ക്കായി സ്ഥാപിച്ച പരിപാവനമായ കുരിശിനെ അപമാനിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് മനോജ് മാമല, ജോണി മുണ്ടക്കല്‍, ബിജു ഇല്ലിക്കല്‍, ലിയോ ജോയി തുടങ്ങിവരും സംഘ ത്തിലുണ്ടായിരുന്നു.