തോമസ് മാര്‍ തിമോത്തിയോസ് എഴുപത്തിയഞ്ചിന്റെ നിറവില്‍

 
2424

തിരുവല്ല: മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭ കോട്ടയം- കൊച്ചി ഭദ്രാസനാധിപനായ തോമസ് മാര്‍ തിമോത്തിയോസ് 75ന്റെ നിറവില്‍. 1950 ഡിസംബര്‍ 13ന് ചെങ്ങന്നൂര്‍ മുളക്കുഴ അങ്ങാടിയ്ക്കല്‍ സൗത്ത് കളിയ്ക്കല്‍ തെക്കേതില്‍ ലൗഡേല്‍ റവ. കെ.എന്‍. ജോര്‍ജ്  റേച്ചല്‍ ദമ്പതികളുടെ മകനായി മാര്‍ തിമോത്തിയോസ് ജനിച്ചു. 

സ്‌കൂള്‍ വിദ്യാഭ്യാസം വെണ്‍മണി, കവിയൂര്‍, തലവൂര്‍, അങ്ങാടിയ്ക്കല്‍ സൗത്ത്, കിടങ്ങന്നൂര്‍ എന്നിവിടങ്ങളിലായിരുന്നു. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ നിന്ന് ബി.എ. ബിരുദം നേടി. ഗുജറത്ത് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സര്‍വ്വകലാശാലയില്‍ നിന്ന് എം.ഏ യും നേടി. 1974-1979 കാലയളവില്‍ ഗുജറാത്ത് സര്‍വ്വകലാശാലയുടെ കീഴിലുള്ള ലുണവാഡാ, മോഡസ്സാ കോളജുകളില്‍ അധ്യാപകനായിരുന്നു.

തുടര്‍ന്ന് ബംഗളൂരു യുണൈറ്റഡ് തിയോളജിക്കല്‍ കോളജില്‍ നിന്ന് ബി.ഡി. ബിരുദം കരസ്ഥമാക്കി. 1983 മെയ് 28 ന് ശെമ്മാശമപട്ടം സ്വീകരിച്ചു. 1983 ജൂണ്‍ 10 ന് റവ. കെ. ജോര്‍ജ് തോമസ് എന്ന പേരില്‍ വൈദിക പട്ടമേറ്റു. വിവിധ ഇടവകകളില്‍ വികാരിയായും, ഗൂഡല്ലൂര്‍ സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചു. 

പ്രിന്‍സ്റ്റണ്‍ തിയോളജിക്കല്‍ സെമിനാരിയില്‍ നിന്ന് എം.റ്റി.എച്ച് കരസ്ഥമാക്കി. 1993 ല്‍ മാര്‍ത്തോമ്മാ സഭാ പ്രതിനിധി മണ്ഡലം മേല്‍പ്പട്ടസ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. 1993 ഓഗസ്റ്റ് 31 ന് റമ്പാനായി. 1993 ഒക്ടോബര്‍ രണ്ടിന് ജോസഫ് മാര്‍ ബര്‍ണബാസ്, ഐസക് മാര്‍ പീലക്സിനോസ് എന്നിവരോടൊപ്പം ഡോ. അലക്സാണ്ടര്‍ മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ എപ്പിസ്‌കോപ്പ സ്ഥാനത്തേക്ക് ഉയര്‍ത്തി.

മദ്രാസ്-കൊല്‍ക്കത്താ ഭദ്രാസനാധിപനായിട്ടായിരുന്നു ആദ്യ നിയമനം. തുടര്‍ന്ന് മലേഷ്യ-സ്വിംഗപ്പൂര്‍-ഓസ്ട്രേലിയ, കുന്നംകുളം-മലബാര്‍, തിരുവനന്തപുരം-കൊല്ലം, ചെങ്ങന്നൂര്‍-മാവേലിക്കര, റാന്നി-നിലയ്ക്കല്‍ ഭദ്രാസനങ്ങളില്‍ എപ്പിസ്‌കോപ്പയായിരുന്നു. 2024 മുതല്‍ കോട്ടയം-കൊച്ചി ഭദ്രാസന എപ്പിസ്‌കോപ്പയായി ശുശ്രൂഷ ചെയ്യുന്നു.

Tags

Share this story

From Around the Web