ഡല്‍ഹിയില്‍ കുരിശിന്റെ വഴിക്ക് അനുമതി നിഷേധിച്ച സര്‍ക്കാര്‍ നടപടിയില്‍ കത്തോലിക്കാ കോണ്‍ഗ്രസ് പ്രതിഷേധിച്ചു

തിരുവന്തപുരം: ഡല്‍ഹി അതിരൂപതയുടെ ആഭിമുഖ്യത്തില്‍ പതിറ്റാണ്ടുകളായി നടത്തിവന്നിരുന്ന നഗരം ചുറ്റിയുള്ള 'വേ ഓഫ് ദ ക്രോസ്' ആചരണത്തിന് അനുമതി നിഷേധിച്ച സര്‍ക്കാര്‍ നടപടിയില്‍ കത്തോലിക്കാ കോണ്‍ഗ്രസ് പ്രതിഷേധിച്ചു.
വിവിധ ജനസമൂഹങ്ങള്‍ സമാധാനത്തിലും സഹവര്‍ത്തിത്വത്തിലും ജീവിക്കുന്ന രാജ്യതലസ്ഥാനത്ത് സമാധാനത്തിലും ശാന്തിയിലും ക്രൈസ്തവര്‍ നടത്തുന്ന ഈ ചടങ്ങിന് സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അനുമതി നല്‍കാതിരുന്നതിനു ന്യായീകരണമില്ല. ഭരണഘടന ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെയും മതനിരപേക്ഷ മൂല്യങ്ങളുടേയും ശക്തമായ ലംഘനമാണ് ഇക്കാര്യത്തില്‍ നടന്നത്.
ചത്തീസ്ഡഗില്‍ കത്തോലിക്കാ നഴ്‌സിംഗ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബിന്‍സി ജോസഫിനെതിരേ മതപരിവര്‍ത്തന നിയമത്തിലെ വകുപ്പുകള്‍ വ്യാജമായി ആരോപിച്ചു കോളജിനെതിരേ വിഎച്ച്പി, ബജ്രംഗദള്‍ സംഘടനകള്‍ നടത്തുന്ന സമരത്തേയും സിസ്റ്ററിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള സര്‍ക്കാര്‍ നീക്കത്തേയും കത്തോലിക്കാ കോണ്‍ഗ്രസ് അപലപിച്ചു.
കത്തോലിക്കാ കോണ്‍ഗ്രസ് ഫൊറോനാ പ്രസിഡന്റ് വി.സി. വില്‍സന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചങ്ങനാശേരി അതിരൂപതാ വികാരി ജനറാള്‍ ഫാ. സോണി തെക്കേക്കര, ഡയറക്ടര്‍ ഫാ. ബിബിന്‍ കാക്കപ്പറന്പില്‍, ഗ്ലോബല്‍ സെക്രട്ടറി ജേക്കബ് നിക്കോളാസ്, അതിരൂപതാ സെക്രട്ടറി എന്‍.എ. ഔസേപ്പ്, ഫൊറോനാ ജനറല്‍ സെക്രട്ടറി ജിനോദ് ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.