വഖഫ് നിയമം മുസ്ലിങ്ങള്‍ക്കെതിരല്ല, നിയമ ഭേഗതിയിലൂടെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന തെറ്റ് തിരുത്തുകയാണ് സര്‍ക്കാര്‍: കേന്ദ്ര മന്ത്രി കിരണ്‍ റിജിജു

കൊച്ചി: വഖഫ് നിയമം മുസ്ലിങ്ങള്‍ക്കെതിരല്ലെന്നും നിയമ ഭേഗതിയിലൂടെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന തെറ്റ് തിരുത്തുകയാണ് സര്‍ക്കാരെന്നും കേന്ദ്ര മന്ത്രി കിരണ്‍ റിജിജു കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുസ്ലിങ്ങള്‍ക്കെതിരായ നീക്കം കേന്ദ്രം നടത്തുന്നുവെന്ന പ്രചരണത്തിനാണ് ചിലര്‍ ശ്രമിക്കുന്നത്. ഇത് തെറ്റാണ്. മുനമ്പത്തുണ്ടായ സംഭവം ഇനി രാജ്യത്ത് എവിടെയും ആവര്‍ത്തിക്കില്ല.
മുനമ്പത്തുകാര്‍ക്ക് നീതി കിട്ടുമെന്ന് ഉറപ്പാക്കും. ഏതെങ്കിലും ഒരു വിഭാഗത്തെ ലക്ഷ്യമിട്ടുള്ള നിയമ ഭേദഗതിയല്ല ഇത്. നിയമ ഭേദഗതി നടത്തിയില്ലാരുന്നില്ലെങ്കില്‍ ഏതു ഭൂമിയും വഖഫ് ഭൂമിയായി പ്രഖ്യാപിക്കുന്ന സാഹചര്യമുണ്ടാകുമായിരുന്നു. ഇത് തിരിച്ചറിഞ്ഞാണ് സര്‍ക്കാര്‍ നിയമ ഭേദഗതിക്ക് തയാറായതെന്നും കിരണ്‍ റിജിജു പറഞ്ഞു.
മുനമ്പം വിഷയത്തില്‍ കേരള സര്‍ക്കാരിനോട് അഭ്യര്‍ഥനയുണ്ട്. അടിയന്തരമായി ജില്ലാ കളക്ടറോട് സര്‍വേ കമ്മീഷണര്‍ എടുത്ത മുഴുവന്‍ നടപടികളും പുന പരിശോധിക്കാന്‍ നിര്‍ദ്ദേശിക്കണമെന്ന് കിരണ്‍ റിജിജു ആവശ്യപ്പെട്ടു. എല്‍ഡിഎഫും യുഡിഎഫും വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കരുത്. മുനമ്പത്ത് നീതി നടപ്പാക്കുകയാണ് വേണ്ടത്. ഒരു സമുദായത്തെയും വോട്ടു ബാങ്കായി മാത്രം കാണരുത്. കോണ്‍ഗ്രസിന്റെയും കമ്യൂണിസ്റ്റിന്റെയും വോട്ടുബാങ്കായി മുസ്ലിം സമുദായം മാറരുത്.
മുനമ്പത്തെ ജനങ്ങള്‍ നിയമപോരാട്ടം തുടരേണ്ടി വരും. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ നിയമ വഴിയിലൂടെ തന്നെ പരിഹാരം കാണണം. വഖഫ് ട്രിബ്യൂണലിന്റെ അധികാരങ്ങളിലും ഘടനയിലും നിയമ ഭേദഗതി മാറ്റം വരുത്തിയിട്ടുണ്ട്.
അതിനാല്‍ ട്രിബ്യൂണല്‍ ഉത്തരവെതിരായാലും മുനമ്പത്തെ ജനങ്ങള്‍ക്ക് ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിക്കാനാവും. മുനമ്പത്തെ പ്രശ്നങ്ങള്‍ കോടതി വഴിയെ പരിഹരിക്കപ്പെടുകയുള്ളുവെന്ന് സാങ്കേതികമായി പറയാനാകുമെന്നും കിരണ്‍ റിജുജു പറഞ്ഞു.
മുനമ്പത്തെ ജനങ്ങളുടെ ഭരണഘടന അവകാശം നിഷേധിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. എന്തിനാണ് യു.ഡി.എഫിന്റെ ഭാഗമായ മുസ്ലിം ലീഗ് ഭേദഗതിക്കെതിരെ സുപ്രീം കോടതിയില്‍ പോകുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു.