വിശുദ്ധ വാരത്തില്‍ വിശ്വാസികളുടെ മനസില്‍ ആഴത്തിലേറ്റ മുറിവ്; കൈവശഭൂമിയില്‍ സ്ഥാപിച്ച കുരിശ് പിഴുതുമാറ്റിയ സംഭവത്തില്‍ വനംവകുപ്പിനെതിരേ പ്രതിഷേധം ശക്തം

തൊമ്മന്‍കുത്ത്: കൈവശഭൂമിയില്‍ സ്ഥാപിച്ച കുരിശ് മുന്നറിയിപ്പില്ലാതെ പിഴുതുമാറ്റിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു.
തൊമ്മന്‍കുത്ത് സെന്റ് തോമസ് പള്ളി പാരിഷ് ഹാളില്‍ വിശ്വാസികളുടെ നേതൃത്വത്തില്‍ പ്രതിഷേധ യോഗവും ജാഥയും സംഘടിപ്പിച്ചു. വിശുദ്ധ വാരത്തില്‍ വിശ്വാസികളുടെ മനസില്‍ ആഴത്തിലേറ്റ മുറിവാണിതെന്നും പട്ടയമില്ലെന്ന പേരില്‍ ആറര പതിറ്റാണ്ടായി കുടിയേറി കൃഷി ചെയ്ത് ജീവിക്കുന്ന ഭൂമി വനംവകുപ്പിന്റേതെന്ന് സ്ഥാപിക്കനുള്ള ഒരു നീക്കവും അനുവദിക്കില്ലെന്നും യോഗം മുന്നറിയിപ്പ് നല്‍കി.
വണ്ണപ്പുറം പഞ്ചായത്തിലെ എല്ലാ മതസ്ഥരുടെയും ഭൂരിപക്ഷം ആരാധനാലയങ്ങളും പട്ടയമില്ലാത്ത ഭൂമിയിലാണുള്ളത്. സമീപ പഞ്ചായത്തുകളായ കരിമണ്ണൂര്‍, ഉടുമ്പന്നൂര്‍ പഞ്ചായത്തിലെയും സ്ഥിതി വ്യത്യസ്ഥമല്ല. പിന്നെ എന്തുകൊണ്ട് വണ്ണപ്പുറം പഞ്ചായത്തിലെ നാരങ്ങാനത്ത് ഇത്തരമൊരു നടപടിയുണ്ടായി എന്നാണ് എല്ലാവരും ചോദിക്കുന്നത്. പതിറ്റാണ്ടുകളായി പ്രദേശത്ത് താമസിക്കുന്ന കര്‍ഷകന്റെ കൈവശ ഭൂമി രേഖാമൂലം പള്ളിക്ക് എഴുതി നല്‍കിയിരുന്നു.
ഈ വസ്തുവില്‍ കുരിശ് സ്ഥാപിക്കുന്നത് എങ്ങനെയാണ് കൈയേറ്റമാകുന്നതെന്ന് വിശ്വാസികളുടെ ചോദ്യം. അധികാരം ദുര്‍വിനിയോഗം ചെയ്ത റേഞ്ച് ഓഫീസര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പിഴുതെടുത്ത കുരിശ് തിരികെ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം.
ക്രിസ്ത്യാനികള്‍ അതിവിശുദ്ധമെന്നു കരുതുന്ന കുരിശ് പിഴുതെടുത്ത് വനംവകുപ്പിന്റ ഓഫീസിന്റ തറയില്‍ കൊണ്ടിട്ട കാര്യം അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയാറകണം. നാരങ്ങാനം പ്രദേശത്തെ കര്‍ഷകരെ കുടിയിറക്കാനുള്ള നീക്കം ആരംഭിച്ചിട്ട് വര്‍ഷങ്ങളായെന്നും വനംവകുപ്പിനെ നിലയ്ക്കുനിര്‍ത്താന്‍ സര്‍ക്കാര്‍ തയാറാകാത്തത് കര്‍ഷക ദ്രോഹമാണന്നും വിശ്വാസികള്‍ പറഞ്ഞു.
പ്രതിഷേധ യോഗത്തിന് ശേഷം തൊമ്മന്‍കുത്ത് ഇക്കോസെന്ററിന് മുന്നില്‍ വിശ്വാസികള്‍ പ്രതിഷേധ ജാഥയും ധര്‍ണയും നടത്തി. വികാരി ഫാ. ജോര്‍ജ് ഐക്കരമറ്റത്തില്‍, ഗ്രാമപഞ്ചായത്തംഗം ബിബിന്‍ അഗസ്റ്റിന്‍ എന്നിവര്‍ പ്രസംഗിച്ചു.