നൈജീരിയയില്‍ കഴിഞ്ഞ എട്ടു മാസത്തിനിടെ കൊല്ലപ്പെട്ടത് 3083 ക്രൈസ്തവര്‍;ആഗോള തലത്തില്‍ ഏറ്റവും അധികം ക്രൈസ്തവരെ ദ്രോഹിക്കുന്ന രാജ്യമാണ് നൈജീരിയ

 
NIGERIYA


അബൂജ: നൈജീരിയയില്‍ ഇക്കഴിഞ്ഞ എട്ട് മാസത്തിനിടെ മൂവായിരത്തിലധികം ക്രൈസ്തവര്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ 'ഇന്റര്‍സൊസൈറ്റി'യുടെ പുതിയ റിപ്പോര്‍ട്ട്. 

ഈ വര്‍ഷം ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള എട്ടു മാസത്തിനിടെ നടന്ന ക്രൈസ്തവ നരഹത്യയുടെ നേര്‍രേഖ ചിത്രമാണ് ഇന്റര്‍സൊസൈറ്റി പുറത്തുവിട്ടിരിക്കുന്നത്. നൈജീരിയയില്‍ വേരൂന്നിയിരിക്കുന്ന തീവ്രവാദ സംഘങ്ങള്‍ നടത്തിയ ആക്രമണങ്ങളില്‍ 3,083 ക്രൈസ്തവര്‍ കൊല്ലപ്പെടുകയും 3,193 പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടന്നത്. ഈ രണ്ടു മാസങ്ങളില്‍ മാത്രം 437 പേര്‍ കൊല്ലപ്പെടുകയും 393 പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു.

കഴിഞ്ഞ എട്ടു മാസത്തിനിടെ നാനൂറോളം ക്രൈസ്തവ ദേവാലയങ്ങള്‍ ആക്രമിക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തു. 25 വൈദികരും പാസ്റ്റര്‍മാരും കൊല്ലപ്പെടുകയോ തട്ടിക്കൊണ്ടുപോകപ്പെടുകയോ ചെയ്തിട്ടുണ്ടെന്നും കണക്കുകള്‍ വെളിപ്പെടുത്തുന്നു. 

നൈജീരിയയിലെ മുസ്ലിം ഭൂരിപക്ഷ വടക്കന്‍ മേഖലയും ക്രൈസ്തവ ഭൂരിപക്ഷ തെക്കന്‍ മേഖലയും അതിര്‍ത്തി പങ്കിടുന്ന 'മിഡില്‍ ബെല്‍റ്റ്' പ്രദേശങ്ങളിലാണ് ആക്രമണങ്ങള്‍ കൂടുതലായും അരങ്ങേറിയിരിക്കുന്നത്. 

2025 സെപ്റ്റംബര്‍ മുതല്‍ 2026 ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ തരാബ സംസ്ഥാനത്തെ വുകാരി രൂപതയില്‍ മാത്രം 239 ദേവാലയങ്ങള്‍ തകര്‍ക്കപ്പെട്ടു. ഒരു ലക്ഷത്തോളം വിശ്വാസികള്‍ക്ക് തങ്ങളുടെ വീടുകളും ഗ്രാമങ്ങളും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിവന്നു.

ഇരുനൂറിലധികം ക്രൈസ്തവ സമൂഹങ്ങള്‍ പൂര്‍ണ്ണമായും കുടിയൊഴിപ്പിക്കപ്പെട്ടു. 2009-ല്‍ ബോക്കോ ഹറാം തീവ്രവാദ സംഘടന പ്രവര്‍ത്തനമാരംഭിച്ചതിനു ശേഷം നൈജീരിയയില്‍ 19,800-ലധികം ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നും, ആകെ 1,30,000-ത്തിലധികം ക്രൈസ്തവര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇന്റര്‍സൊസൈറ്റിയുടെ പുതിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 

ആഗോള തലത്തില്‍ ഏറ്റവും അധികം ക്രൈസ്തവ നരഹത്യ അരങ്ങേറുന്ന രാജ്യമാണ് നൈജീരിയ. 

തീവ്രവാദ സംഘടനകള്‍ ക്രൈസ്തവരെ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങള്‍ വംശഹത്യയ്ക്ക് തുല്യമാണെന്ന് പ്രാദേശിക സഭാ നേതാക്കളും അന്താരാഷ്ട്ര നിരീക്ഷകരും മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും കൃത്യമായ ഇടപെടല്‍ നടത്താന്‍ ഭരണകൂടം ഇതുവരെ തയാറായിട്ടില്ല.


 

Tags

Share this story

From Around the Web