ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് 30 ദശലക്ഷം; ക്രൈസ്തവര്‍ക്ക് അധിക ധനസഹായവുമായി ബംഗ്ലാദേശ് സര്‍ക്കാര്‍
ധാക്ക: 2026-ലെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കായി ബംഗ്ലാദേശ് സര്‍ക്കാര്‍ 30 ദശലക്ഷം ടാക്ക (237,073 യുഎസ് ഡോളര്‍) അനുവദിച്ചു. 'ക്രിസ്ത്യന്‍ റിലീജിയസ് വെല്‍ഫെയര്‍ ട്രസ്റ്റ്' ആവശ്യപ്പെട്ട 20 ദശലക്ഷം ടാക്കയെക്കാള്‍ (158,049 യുഎസ് ഡോളര്‍) 50 ശതമാനം അധിക തുകയാണ് ഇത്തവണ അനുവദിച്ചത് എന്നത് ശ്രദ്ധേയമാണ്.
നവംബര്‍ 2നു മതകാര്യ മന്ത്രാലയം സമര്‍പ്പിച്ച ശുപാര്‍ശ പ്രകാരം ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാനാണ് ഈ തുക അനുവദിച്ചത്. ബംഗ്ലാദേശിലെ ക്രൈസ്തവ സമൂഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ഷിക ആഘോഷമായ ക്രിസ്തുമസ് ആഘോഷങ്ങളെ പിന്തുണയ്ക്കുന്നതിനായി, പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ-ക്ഷേമ നിധിയില്‍നിന്നാണ് ഈ തുക ലഭ്യമാക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ക്രിസ്തുസിനോടനുബന്ധിച്ച് രാജ്യത്തുടനീളം ആസൂത്രണം ചെയ്തിട്ടുള്ള വിശ്വാസപരവും സാമൂഹികവുമായ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി 20 ദശലക്ഷം ടാക്കയുടെ പ്രത്യേക സഹായം നല്‍കണമെന്ന് ക്രിസ്ത്യന്‍ റിലീജിയസ് വെല്‍ഫെയര്‍ ട്രസ്റ്റ് പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനത്തില്‍ അഭ്യര്‍ത്ഥിച്ചിരിന്നു. എന്നാല്‍, അനുവദിക്കുന്ന തുക 30 ദശലക്ഷം ടാക്കയായി വര്‍ദ്ധിപ്പിക്കാന്‍ റഹ്മാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ക്രിസ്ത്യന്‍ റിലീജിയസ് വെല്‍ഫെയര്‍ ട്രസ്റ്റ് സെക്രട്ടറിയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ലിന്റസ് റൊസാരിയോ ഈ തീരുമാനത്തെ സ്വാഗതം ചെയ്തു.
ഒരാഴ്ചയ്ക്കുള്ളില്‍ തുക ലഭിക്കുമെന്നും, തുടര്‍ന്ന് അത് വിവിധ പള്ളികള്‍ക്കും ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്കും വിതരണം ചെയ്യുമെന്നും ക്രിസ്തുമസിനോട് അനുബന്ധിച്ച് വിവിധ പദ്ധതികള്‍ നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു. 2025-ലെ ക്രിസ്തുമസ് വേളയില്‍, 854 പള്ളികള്‍ക്കായി 20 ദശലക്ഷം ടാക്ക സര്‍ക്കാര്‍ ധനസഹായമായി ട്രസ്റ്റ് വിതരണം ചെയ്തു. ഈ വര്‍ഷം ഏകദേശം 1,000 പള്ളികള്‍ക്ക് സഹായം നല്‍കാന്‍ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ക്രിസ്തുമസ് അലങ്കാരങ്ങള്‍, നവീകരണ പ്രവര്‍ത്തനങ്ങള്‍, ക്രിസ്തുമസ് ആഘോഷങ്ങള്‍ എന്നിവയ്ക്കാണ് പ്രധാനമായും ഈ ധനസഹായം ഉപയോഗിക്കുന്നത്. 2018-ല്‍ ഈ പദ്ധതി ആരംഭിച്ചപ്പോള്‍ 5 ദശലക്ഷം ടാക്ക (39,512 യുഎസ് ഡോളര്‍) ആയിരുന്നു ആദ്യഘട്ട സഹായം. അതിനുശേഷം ഓരോ വര്‍ഷവും തുക വര്‍ധിപ്പിച്ചുകൊണ്ട്, ഇതുവരെ ആകെ 130 ദശലക്ഷം ടാക്ക (1.03 ദശലക്ഷം യുഎസ് ഡോളര്‍) ട്രസ്റ്റ് വഴി ഇതുവരെ സര്‍ക്കാര്‍ വിതരണം ചെയ്തിട്ടുണ്ട്. ബംഗ്ലാദേശിലെ ആകെ ജനസംഖ്യയുടെ ഏകദേശം 0.3 ശതമാനമാണ് ക്രൈസ്തവര്‍.