ഇറാന്‍ സമുദ്രാതിര്‍ത്തിയില്‍ എല്‍പിജി ടാങ്കറിന് നേരെ ആക്രമണം: 28 ഇന്ത്യന്‍ ജീവനക്കാരും സുരക്ഷിതര്‍

 
iran

തെഹ്‌റാന്‍: ഇറാന്‍ സമുദ്രാതിര്‍ത്തിയില്‍ വെച്ച് ആക്രമണം നേരിട്ട എല്‍പിജി ടാങ്കറിലെ ജീവനക്കാരായ 28 ഇന്ത്യക്കാരും സുരക്ഷിതര്‍. തെഹ്‌റാനിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മൊസാംബിക് രജിസ്‌ട്രേഷനുള്ള ദിശ എന്ന എല്‍പിജി ടാങ്കറിന് നേരെയാണ് ആക്രമണമുണ്ടായത്. 

ബന്ധപ്പെട്ട അധികൃതരുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും എംബസി അറിയിച്ചു. മേഖലയിലെ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കും സമുദ്ര സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ക്കുമിടയിലാണ് ടാങ്കറിന് നേരെ ആക്രമണമുണ്ടായത്.

കരിങ്കടലില്‍ ദിവസങ്ങള്‍ മുമ്പ് വാണിജ്യ കപ്പലിനുനേരെയുണ്ടായ മറ്റൊരു ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടിരുന്നു. വാണിജ്യ കപ്പലുകള്‍ക്ക് കൂടുതല്‍ സംരക്ഷണം ഉറപ്പാക്കണമെന്നും സിവിലിയന്‍ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഇറാന്‍- അമേരിക്ക സംഘര്‍ഷം രൂക്ഷമായതോടെ ഹോര്‍മുസ് കടലിടുക്ക് വഴി കാര്യമായി കപ്പല്‍ ഗതാഗതം നടക്കുന്നില്ല.

ഇറാന്‍ സമുദ്രാതിര്‍ത്തിയിലുള്ള കപ്പലുകള്‍ക്ക് നേരെ അമേരിക്കയും ഹോര്‍മുസിലൂടെ സഞ്ചരിക്കാന്‍ ശ്രമിക്കുന്ന കപ്പലുകള്‍ക്ക് നേരെ ഇറാനും ആക്രമണം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഒന്നോ- രണ്ടോ കപ്പലുകള്‍ മാത്രമാണ് ഹോര്‍മുസിലൂടെ സഞ്ചരിച്ചത്.

 ഹോര്‍മുസ് കടലിടുക്കിന് സമീപത്തായി 6000 നാവികര്‍ കുടുങ്ങിക്കിടക്കുന്നതായാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. ഇവരെ രക്ഷപ്പെടുത്താന്‍ നടപടി വേണമെന്ന് കഴിഞ്ഞ ദിവസം യു.എന്‍. ഏജന്‍സികള്‍ ആവശ്യപ്പെട്ടിരുന്നു.

Tags

Share this story

From Around the Web