മഴയെ അവഗണിച്ച് അര്‍ജന്റീനിയയിലെ മരിയന്‍ തീര്‍ത്ഥാടനത്തില്‍ അണിനിരന്നത് 27 ലക്ഷം വിശ്വാസികള്‍

 
argentina


ബ്യൂണസ് അയേഴ്‌സ്: പ്രതികൂല കാലാവസ്ഥയെയും കനത്ത മഴയെയും അവഗണിച്ച് അര്‍ജന്റീനയിലെ പ്രശസ്തമായ ലൂഹാന്‍ മരിയന്‍ ബസിലിക്കയിലേക്ക് നടന്ന വാര്‍ഷിക യുവജന തീര്‍ത്ഥാടനത്തില്‍ ചരിത്ര റെക്കോര്‍ഡ് കുറിച്ച് വിശ്വാസിസമൂഹം. 52-ാമത് ലൂഹാന്‍ യുവജന തീര്‍ത്ഥാടനത്തില്‍ 27 ലക്ഷത്തിലധികം ആളുകള്‍ പങ്കെടുത്തതായി ബ്യൂണസ് അയേഴ്‌സ് പ്രവിശ്യാ സുരക്ഷാ മന്ത്രാലയം അറിയിച്ചു. ഒക്ടോബര്‍ 3 ശനിയാഴ്ച രാവിലെ 10 മണിക്ക് തലസ്ഥാനത്തെ സാന്‍ കയെത്താനോ ഡി ലിനിയേഴ്‌സ് തീര്‍ത്ഥാടന കേന്ദ്രത്തില്‍ നിന്നാണ് പ്രധാന പദയാത്ര ആരംഭിച്ചത്.

ലോമാസ് ഡി സമോറ രൂപതയില്‍ നിന്നുള്ള പ്രതിനിധി സംഘമാണ് തിരുസ്വരൂപം വഹിച്ചത്. ബ്യൂണസ് ഐറീസ് ആര്‍ച്ച് ബിഷപ്പ് മോണ്‍സിഞ്ഞോര്‍ ജോര്‍ജ് ഗാര്‍സിയ കുവെര്‍വ, ലാ പ്ലാറ്റ ആര്‍ച്ച് ബിഷപ്പ് മോണ്‍സിഞ്ഞോര്‍ ഗുസ്താവോ കറാറ എന്നിവരും തീര്‍ത്ഥാടകര്‍ക്കൊപ്പം കാല്‍നടയായി യാത്രയില്‍ പങ്കുചേര്‍ന്നു. 'അമ്മേ, നിന്റെ ആലിംഗനത്തില്‍ ഞങ്ങള്‍ പരസ്പരം സഹോദരങ്ങളായി തിരിച്ചറിയുന്നു' എന്നതായിരുന്നു ഈ വര്‍ഷത്തെ തീര്‍ത്ഥാടനത്തിന്റെ ആപ്തവാക്യം.

ലിനിയേഴ്‌സില്‍ നിന്ന് ലൂഹാന്‍ ബസിലിക്കയിലേക്കുള്ള 60-ലധികം കിലോമീറ്റര്‍ ദൂരം മഴക്കോട്ട് ധരിച്ചും താല്ക്കാലിക സംവിധാനങ്ങള്‍ ഒരുക്കിയുമാണ് തീര്‍ത്ഥാടകര്‍ നടന്നു നീങ്ങിയത്. പ്രാര്‍ത്ഥനകളും ഗാനങ്ങളുമായി മുന്നേറിയ തീര്‍ത്ഥാടകര്‍ക്ക് വിവിധ ഇടവകകളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ ഭക്ഷണവും മറ്റുമായി പിന്തുണ നല്‍കിയിരിന്നു. നവംബര്‍ 8-ന് രാജ്യം സന്ദര്‍ശിക്കാനിരിക്കുന്ന ലെയോ പതിനാലാമന്‍ മാര്‍പാപ്പയെ സ്വീകരിക്കാന്‍ കൂടി ഒരുങ്ങുകയാണ് നഗരം. 

Tags

Share this story

From Around the Web