പനാമയിലെ ജുവനൈല്‍ ജസ്റ്റിസ് ഹോമില്‍ കഴിയുന്ന 27 കുട്ടികള്‍ വിവിധ കൂദാശകള്‍ സ്വീകരിച്ചു

 
Tyu

പനാമ സിറ്റി: മധ്യ അമേരിക്കന്‍ രാജ്യമായ പനാമയില്‍ കുറ്റകൃത്യങ്ങളെ തുടര്‍ന്നു ജുവനൈല്‍ ജസ്റ്റിസ് ഹോമില്‍ പ്രവേശിപ്പിക്കപ്പെട്ട 27 കുട്ടികള്‍ വിവിധ കൂദാശകള്‍ സ്വീകരിച്ചു. ആഗോള കത്തോലിക്കാ സഭ പന്തക്കുസ്ത തിരുനാൾ ആഘോഷിച്ച മെയ് 24 ഞായറാഴ്ചയാണ് പനാമ സിറ്റിയിലെ ലാസ് ഗാർസാസ് ജുവനൈൽ ഡിറ്റൻഷൻ സെന്ററിൽ തടവിലാക്കപ്പെട്ട വിവിധ പ്രായത്തിലുള്ള കുട്ടികള്‍ മാമ്മോദീസയും സ്ഥൈര്യലേപനവും സ്വീകരിച്ചത്. പനാമയിലെ ആർച്ച് ബിഷപ്പ് ജോസ് ഡൊമിംഗോ ഉല്ലോവ വിശുദ്ധ കുർബാനയ്ക്കും മറ്റ് തിരുക്കര്‍മ്മങ്ങള്‍ക്കും നേതൃത്വം നൽകി.


ജുവനൈൽ ഡിറ്റൻഷൻ സെന്ററിൽ കഴിയുന്ന കൗമാരക്കാരിൽ ഒരാൾക്ക് മാമോദീസയും 27 കുട്ടികള്‍ക്ക് സ്ഥൈര്യലേപന കൂദാശയും നൽകി. കുറ്റകൃത്യങ്ങൾ ചെയ്തവര്‍ക്ക് മാനസാന്തരത്തിലേക്കു മടങ്ങി വരുവാനും വിശ്വാസത്തില്‍ ആഴപ്പെടുവാനും വിദ്യാഭ്യാസം, മാനസിക പിന്തുണ, ആത്മീയ രൂപീകരണം എന്നിവ ഉൾപ്പെടെയുള്ള വിവിധ പരിപാടികള്‍ സഭാനേതൃത്വം ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് കുട്ടികളുടെയും അധികൃതരുടെയും അനുവാദത്തോടെയും ഒരുക്കത്തോടെയും കൂദാശകള്‍ നല്‍കിയത്.


ജീവിതത്തിലെ നിർണായക ഘട്ടത്തിൽ കൗമാരക്കാരായ ഈ കുട്ടികള്‍ക്ക് ക്രിസ്തുവിനെ കണ്ടുമുട്ടാൻ സഹായിക്കുക എന്നതാണ് സംരംഭത്തിന്റെ ലക്ഷ്യമെന്ന് ഇന്റർ ഡിസിപ്ലിനറി സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഐഇഐ) ഡയറക്ടർ യസാതി ഫോർട്ടെ പറഞ്ഞു. 2019ലെ ആഗോള യുവജന ദിനത്തിന്റെ ഭാഗമായി പനാമയില്‍ ഫ്രാൻസിസ് മാർപാപ്പ സന്ദര്‍ശനം നടത്തിയപ്പോള്‍ ഈ കേന്ദ്രം സന്ദർശിക്കുകയും തടവില്‍ കഴിയുന്നവരെ കുമ്പസാരിപ്പിക്കുകയും ചെയ്തിരിന്നു. ഇതോടെ കേന്ദ്രം അന്താരാഷ്ട്ര ശ്രദ്ധ നേടിയിരിന്നു.

Tags

Share this story

From Around the Web