25,000 ക്രൈസ്തവര്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണിയില്‍; പരീക്ഷകാലത്ത് എന്തുചെയ്യണമെന്നറിയാതെ പകച്ച് കുട്ടികള്‍
ഇസ്ലാമബാദ്: പാക്കിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമബാദിലെ ചേരിനിവാസികളായ 25,000-ത്തോളം ക്രൈസ്തവര്‍ നീതിക്കും തലചായ്ക്കാന്‍ ഒരിടത്തിനുമായി കണ്ണീരോടെയുള്ള പ്രാര്‍ത്ഥനയിലാണ്. ഇസ്ലാമബാദിലെ റിംഷ കോളനിയിലെയും അക്രം ഗില്ലിലെയും ആയിരക്കണക്കിന് കുടുംബങ്ങളാണ് കുടിയിറക്ക് ഭീഷണി നേരിടുന്നുത്. രണ്ട് ദിവസത്തിനുള്ളില്‍ വീടുകളും കടകളുമൊഴിയണമെന്നാണ് ഇസ്ലാമബാദിലെ മുന്‍സിപ്പില്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന ക്യാപിറ്റല്‍ ഡെവലപ്മെന്റ് അതോറിറ്റി ഉത്തരവ് പുറപ്പെടുവിച്ചത്.
മുന്നറിയിപ്പില്ലാതെ, കൃത്യമായ പുനരധിവാസ പദ്ധതികളില്ലാതെ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചാല്‍ കൂലിപ്പണിക്കാരായ 25,000-ത്തോളം വരുന്ന കോളനി നിവാസികള്‍ എവിടേക്കു പോകുമെന്ന ചോദ്യത്തിന് അധികൃതര്‍ക്കും ഉത്തരമില്ല.
2012-ല്‍ മതനിന്ദാക്കുറ്റം ചുമത്തപ്പെട്ട റിംഷ മസി എന്ന ക്രൈസ്തവ പെണ്‍കുട്ടിയുടെ കേസിനെത്തുടര്‍ന്ന് മെഹറാബാദി പ്രദേശത്ത് നിന്ന് ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ട ക്രൈസ്തവര്‍ക്ക് അന്ന് സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുത്ത് താമസിക്കാനായി അനുവദിച്ച ഇടമാണ് റിംഷ കോളനി. ഇന്ന് സര്‍ക്കാര്‍ തന്നെ ഇവരെ ഇറക്കിവിടാനുള്ള നടപടികളുമായി മുമ്പോട്ട് പോകുമ്പോള്‍ രാജ്യത്തെ നിയമവ്യവസ്ഥയും സാമൂഹിക നീതിയും നോക്കുകുത്തിയായി മാറുന്നു. കുടിയൊഴിപ്പിക്കുമ്പോള്‍ പുനരധിവാസം ഉറപ്പാക്കണമെന്ന 2001-ലെ നാഷണല്‍ ഹൗസിംഗ് പോളിസിയും, 2015-ലെ സുപ്രീം കോടതി ഉത്തരവും കാറ്റില്‍പറത്തിയാണ് അധികൃതര്‍ കുടിയൊഴിയാനുള്ള ഉത്തരവ് നല്‍കിയിരിക്കുന്നത്.
സ്‌കൂളുകളില്‍ പരീക്ഷകള്‍ നടന്നുകൊണ്ടിരിക്കുന്ന ഈ സമയത്ത് ഇത്തരമൊരു നീക്കം കുട്ടികളുടെ വിദ്യാഭ്യാസത്തെയും മാനസികാവസ്ഥയെയും തകര്‍ക്കുമെന്ന് റിംഷ കമ്മ്യൂണിറ്റി സ്‌കൂള്‍ അധികൃതര്‍ ആകുലപ്പെടുന്നു. തങ്ങളുടെ പുസ്തകങ്ങള്‍ക്കും സ്വപ്‌നങ്ങള്‍ക്കും ഇവിടെ ഇടമില്ലെന്ന തിരിച്ചറിവില്‍ പകച്ചുനില്‍ക്കുന്ന പിഞ്ചുകുഞ്ഞുങ്ങള്‍ പാക്കിസ്ഥാനിലെ നൊമ്പരക്കാഴ്ചയാവുകയാണ്. പാക്കിസ്ഥാനിലെ മനുഷ്യാവകാശ കമ്മീഷന്‍ ക്യാപിറ്റല്‍ ഡെവലപ്മെന്റ് അതോറിറ്റിയുടെ നീക്കത്തില്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.