ഈസ്റ്ററിനോട് അനുബന്ധിച്ച് ഹോങ്കോങ് രൂപതയില്‍ 2500 പേര്‍ കത്തോലിക്ക വിശ്വാസം സ്വീകരിക്കും

 
news


ഹോങ്കോങ്: ചൈനയിലെ ഒരു പ്രത്യേക ഭരണമേഖലയാണ് ഹോങ്കോങ്ങിലെ ഏക കത്തോലിക്കാ രൂപതയില്‍ ഈസ്റ്ററിനോട് അനുബന്ധിച്ച് 2,500 പേര്‍ കത്തോലിക്ക വിശ്വാസം സ്വീകരിക്കും. രൂപതാ ബുള്ളറ്റിന്‍ 'കുങ് കാവോ പോ'യിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായ കണക്കുകളാണ് ഈ വര്‍ഷവും ഉള്ളതെന്നും ബുള്ളറ്റിന്‍ സൂചിപ്പിക്കുന്നു. 1,600 മുതിര്‍ന്നവരും 900 ശിശുക്കളും ജ്ഞാനസ്‌നാനം സ്വീകരിക്കും. ക്രിസ്തീയ സാക്ഷ്യത്താല്‍ പ്രചോദിതരായ ധാരാളം പേര്‍ ഹോങ്കോങ്ങില്‍ കത്തോലിക്ക വിശ്വാസത്തിലേക്ക് കടന്നുവരുന്നതിന്റെ അടയാളമായാണ് ഈ കണക്കുകളെ വിലയിരുത്തുന്നത്.

ഇടവകകളിലെ നോമ്പുകാല സൂക്ഷ്മപരിശോധനാ ചടങ്ങുകള്‍ക്ക് കര്‍ദ്ദിനാള്‍ സ്റ്റീഫന്‍ ചൗ സൗ-യാന്റെ നിര്‍ദ്ദേശപ്രകാരം നിരവധി മതാധ്യാപകരാണ് പുതുതായി കത്തോലിക്ക വിശ്വാസം സ്വീകരിക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് വിശ്വാസ പരിശീലനം നല്‍കുന്നത്. ക്രിസ്തുവുമായുള്ള ബന്ധത്തിലൂടെയും സഭയിലെ സജീവ പങ്കാളിത്തത്തിലൂടെയും പ്രത്യാശയുടെ വാഹകരായി മാറാന്‍ എല്ലാവരെയും ക്ഷണിക്കുകയാണെന്ന് കര്‍ദ്ദിനാള്‍ സ്റ്റീഫന്‍ പറഞ്ഞു. സ്‌നാനം സ്വീകരിക്കുക എന്നാല്‍ ക്രിസ്തുവാകുന്ന ജീവന്റെ ജലം സ്വാഗതം ചെയ്യുക എന്നാണെന്നു കര്‍ദ്ദിനാള്‍ സ്റ്റീഫന്‍ വ്യക്തമാക്കി.

ജ്ഞാനസ്‌നാനം വിശ്വാസജീവിതത്തിന്റെ തുടക്കം മാത്രമാണ്. കര്‍ത്താവുമായി വ്യക്തിപരമായ കൂടിക്കാഴ്ച നടത്തുന്നതിനും പരിശുദ്ധാത്മാവിലൂടെയും വിശ്വാസത്തിന്റെ കൃപയിലൂടെയും പ്രത്യാശ വഹിക്കുന്നവരായി മാറുന്നതിനും നിങ്ങള്‍ സഭയുമായി ആഴത്തിലുള്ള ഒരു ബന്ധത്തിലേക്ക് പ്രവേശിക്കേണ്ടതുണ്ടെന്നും അതിനാണ് വിശ്വാസ പരിശീലനം ഒരുക്കുന്നതെന്നും ക്രൈസ്റ്റ് ദി കിംഗ് ചര്‍ച്ചില്‍ ജ്ഞാനസ്‌നാന അര്‍ത്ഥികള്‍ക്ക് നല്‍കിയ സന്ദേശത്തില്‍ കര്‍ദ്ദിനാള്‍ സ്റ്റീഫന്‍ ചൗ പറഞ്ഞു.

2022 ഓഗസ്റ്റ് വരെയുള്ള കണക്കുകള്‍ പ്രകാരം ഏകദേശം നാലു ലക്ഷത്തോളം പ്രാദേശിക കത്തോലിക്ക വിശ്വാസികളാണ് ഹോങ്കോങ്ങിലുള്ളത്. ഫിലിപ്പീന്‍സ്, കൊറിയ, ജപ്പാന്‍, ഇന്ത്യ, ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങീയ വിവിധ രാജ്യങ്ങളില്‍ നിന്നു പ്രവാസികളായി എത്തിയവരും ഹോങ്കോങ്ങിലെ സഭയുടെ ഭാഗമാണ്. 279 വൈദികരാണ് രൂപതയില്‍ സേവനം ചെയ്യുന്നത്.

Tags

Share this story

From Around the Web