2500 കിലോമീറ്റര്‍ നീണ്ട അന്വേഷണം; ഉടമയറിയാതെ കൈമാറ്റം ചെയ്ത ടിപ്പര്‍ ലോറി തമിഴ്നാട്ടില്‍ കണ്ടെത്തി, വാഹനം പൊളിച്ചുമാറ്റി ഭാഗങ്ങള്‍ വില്‍ക്കാനുള്ള സാധ്യതയും അന്വേഷണസംഘം മുന്നില്‍ക്കണ്ടിരുന്നു
തിരുനെല്ലി: ലീസിനെടുത്ത ശേഷം ഉടമയുടെ അറിവോ സമ്മതമോ ഇല്ലാതെ പലരിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ടിപ്പര്‍ ലോറി 2500 കിലോമീറ്ററോളം നീണ്ട അന്വേഷണത്തിനൊടുവില്‍ തിരുനെല്ലി പൊലീസ് കണ്ടെത്തി. 26 ഓളം ആളുകളുടെ കൈകളിലൂടെ കടന്നുപോയ വാഹനം കേരളത്തിന് പുറത്തേക്ക് എത്തിച്ചിരുന്നു. കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വാഹനം കണ്ടെത്തിയത്.
വാഹനം കണ്ടെത്തുന്നതിനായി വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍, ബാങ്ക് അക്കൗണ്ട് ഇടപാടുകള്‍, ടോള്‍ ബൂത്തുകളിലെ വിവരങ്ങള്‍ എന്നിവ പൊലീസ് വിശദമായി പരിശോധിച്ചു. കൂടാതെ നിരവധി പേരില്‍ നിന്ന് മൊഴികളും വിവരങ്ങളും ശേഖരിച്ചു.
വാഹനം പൊളിച്ചുമാറ്റി ഭാഗങ്ങള്‍ വില്‍ക്കാനുള്ള സാധ്യതയും അന്വേഷണസംഘം മുന്നില്‍ക്കണ്ടിരുന്നു. ഈ സാഹചര്യത്തില്‍ നടത്തിയ സമയബന്ധിതമായ അന്വേഷണമാണ് വാഹനം വീണ്ടെടുക്കാന്‍ സഹായിച്ചത്.
തമിഴ്നാട്ടിലെ സേലത്തു നിന്ന് ഏകദേശം 80 കിലോമീറ്റര്‍ ഉള്ളിലുള്ള ഓമലൂരിലാണ് ടിപ്പര്‍ ലോറി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തു.
തിരുനെല്ലി സിഐയുടെയും എസ്‌ഐയുടെയും നിര്‍ദേശപ്രകാരം സിപിഒമാരായ ആര്‍. ജിതിന്‍, ഇ.ജി വിനായക് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിച്ചത്. വിവിധ സംസ്ഥാനങ്ങളിലായി നീണ്ട അന്വേഷണത്തിനൊടുവില്‍ വാഹനം കണ്ടെത്താനായത് പൊലീസിന്റെ അന്വേഷണത്തിലെ നിര്‍ണായക നേട്ടമായി.