മാര്‍ത്തോമ്മ ക്രിസ്ത്യാനികളുടെ അപ്പസ്‌തോലികവും സാംസ്‌കാരികവുമായ പൈതൃകമുള്ള ഇടമാണ് കാഞ്ഞിരപ്പള്ളി: മാര്‍ റാഫേല്‍തട്ടില്‍

 
54235425252

കാഞ്ഞിരപ്പള്ളി: മാര്‍ത്തോമ്മ ക്രിസ്ത്യാനികളുടെ അപ്പസ്‌തോലികവും സാംസ്‌കാരികവുമായ പൈതൃകമുള്ള ഇടമാണ് കാഞ്ഞിരപ്പള്ളിയെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍തട്ടില്‍. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രല്‍ ദ്വിശതാബ്ദി ജൂബിലി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാര്‍ റാഫേല്‍ തട്ടില്‍.

കാഞ്ഞിരപ്പളളി രൂപതയുടെ വളര്‍ച്ച കൂട്ടായ്മയുടെയും കൂട്ടുത്തരവാദിത്വത്തിന്റെയും ശ്രമഫലമായാണ്. രൂപതയുടെ ജൂബിലി ആഘോഷത്തിന്റെ  കൊടിയേറ്റമാണ് കത്തീഡ്രലിന്റെ ദ്വിശതാബ്ദി ആഘോഷം. മിഷനറിമാരെ സഭയ്ക്ക് സംഭാവന ചെയ്തവരാണ് ക്രിസ്ത്യാനികള്‍. ദൈവവിളിയിലും കുടുംബ പ്രാര്‍ഥനയിലും കുറവുവരാതെ ക്രിസ്ത്യാനികള്‍ ശ്രദ്ധിക്കണം. സഭയുടെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കു ശക്തി പകരാന്‍ കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ ഇടവകയ്ക്കു കഴിഞ്ഞിട്ടുണ്ടെന്നും മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു.

കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു. കത്തീഡ്രല്‍ ഇടവക കാഞ്ഞിരപ്പള്ളി രൂപതയുടെ ശക്തികേന്ദ്രമാണെന്നും ഇടവകയുടെ വളര്‍ച്ച രൂപതയുടെ വളര്‍ച്ചയ്ക്ക് ആധാരമായെന്നും മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി. ടീം കത്തീഡ്രലിന്റെ ജൂബിലി ഗാന ആലാപനത്തോടെ ആരംഭിച്ച സമ്മേളനത്തില്‍ ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. കുര്യന്‍ താമരശേരി, മുന്‍ വികാരി ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍, സിസ്റ്റര്‍ മെര്‍ലി സിഎംസി, ഫാ. ബേബി മുല്ലൂര്‍പറമ്ബില്‍ എസ്‌ജെ, ടി.സി ചാക്കോ വാവലുമാക്കല്‍, മെറീനാ റ്റോമി കാവുങ്കല്‍, ജോസഫ് മാത്യു പതിപ്പള്ളില്‍, ഷോണ്‍ മുണ്ടാട്ടുചുണ്ടയില്‍, സെബാസ്റ്റ്യന്‍ ജോസ് എള്ളൂക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.

സമ്മേളനത്തിനു മുന്നോടിയായി കത്തീഡ്രലില്‍ നടന്ന സമൂഹബലിയില്‍ ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു സന്ദേശം നല്കി. മതത്തിന്റെ വേലിക്കെട്ടുകള്‍ക്കപ്പുറത്ത് മാനവികതയ്ക്ക് പ്രാധാന്യം കൊടുത്ത് ചിന്തിക്കുന്ന ഒരു സമൂഹവും സംസ്‌കാരവും ഇവിടെ ഉണ്ടായിരുന്നുവെന്നും അത് നമുക്ക് അഭിമാനം നല്‍കുന്നതാണെന്നും ബിഷപ് പറഞ്ഞു.

കഴിഞ്ഞ രണ്ടിനാണ് ജൂബിലി സമാപന ആഘോഷങ്ങള്‍ക്കു തിരി തെളിഞ്ഞത് തുടര്‍ന്ന് വിവിധ ദിവസങ്ങളിലായി ഇടവകകളുടെ സംഗമവും കൂട്ടായ്മകളുടെ സംഗമവും കാരുണ്യ ഭവനങ്ങളുടെ സംഗമവും കുടുംബ സംഗമവും വൈദിക സന്യസ്ത സംഗമവും നടന്നിരുന്നു.


 

Tags

Share this story

From Around the Web