അനധികൃത മതപ്രചാരണം നടത്തിയെന്നാരോപണം: നേപ്പാളില്‍ 24 സൗത്ത് കൊറിയന്‍ ക്രൈസ്തവര്‍ അറസ്റ്റില്‍

 
jail


ഹിന്ദു ഭൂരിപക്ഷ രാജ്യമായ നേപ്പാളില്‍ അനധികൃത മതപ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്ന പരാതിയെ തുടര്‍ന്ന് 24 സൗത്ത് കൊറിയന്‍ ക്രൈസ്തവരെ പൊലീസ് അറസ്റ്റ് ചെയ്തു.

 ഒക്ടോബര്‍ ഒമ്പതിന് ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന മോറംഗ് ജില്ലയിലെ എക്യുമെനിക്കല്‍ സ്ഥാപനമായ നേപ്പാള്‍ ന്യൂ കവനന്റ് കോളേജില്‍ നിന്നാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ ഇവര്‍ തിയോളജിക്കല്‍ സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു.

അനധികൃത മതപഠനം, പരിശീലനം, പ്രചാരണം എന്നിവയില്‍ പങ്കാളികളായെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു.

 ദക്ഷിണ കൊറിയന്‍ പൗരന്മാര്‍ ടൂറിസ്റ്റ് വിസ നിബന്ധനകള്‍ ലംഘിച്ചുവെന്നും തുടര്‍അന്വേഷണത്തിനും നിയമനടപടികള്‍ക്കുമായി അവരെ തലസ്ഥാനമായ കാഠ്മണ്ഡുവിലെ ഇമിഗ്രേഷന്‍ വകുപ്പില്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നും മോറംഗ് ജില്ലാ പോലീസ് മേധാവി കബിത് കട്വാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

എന്നാല്‍ പൊലീസിന്റെ ഈ ആരോപണം അനാവശ്യമാണെന്ന് സഭാനേതൃത്വവും മനുഷ്യാവകാശ സംഘടനകളും വ്യക്തമാക്കി.

''മതസ്വാതന്ത്ര്യത്തിന്റെ ലംഘനവും രാജ്യത്തെ ന്യൂനപക്ഷ ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന ശത്രുതാപരമായ സമീപനങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണവുമാണ്'' നേപ്പാളിലെ സഭാ നേതൃത്വം വ്യക്തമാക്കി. അറസ്റ്റ് തികച്ചും നിരാശാജനകമാണെന്ന് എന്‍എന്‍സിസി പ്രിന്‍സിപ്പലും ദൈവശാസ്ത്രജ്ഞനുമായ ശരദ് കെ.സി പ്രതികരിച്ചു. 

പ്രാദേശിക സഭാംഗങ്ങളുമായും വിദ്യാര്‍ഥികളുമായും സംവദിക്കാനുള്ള ഒരു പരിപാടിക്കായി എത്തിയ സൗത്ത് കൊറിയന്‍ അതിഥികളെ, പൊലീസ് റെയ്ഡ് നടത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

''വന്ന അതിഥികള്‍ ഒരു പ്രാദേശിക ബൈബിള്‍ കോളേജിനുള്ളില്‍ വിശ്വാസികളുമായി സംവദിക്കുക മാത്രമാണ് ചെയ്തത്; അല്ലാതെ മതപരിവര്‍ത്തന ലക്ഷ്യത്തോടെ പരസ്യമായി സുവിശേഷം പ്രചരിപ്പിക്കുകയോ പ്രസംഗിക്കുകയോ ചെയ്തിട്ടില്ല,'' ശരദ് കെ.സി മാധ്യമങ്ങളോട് വ്യക്തമാക്കി.

Tags

Share this story

From Around the Web