2026 ലോകകപ്പ്: മനുഷ്യക്കടത്തിനും ചൂഷണത്തിനുമെതിരെ ജാഗ്രതാ നിർദേശവുമായി മെക്സിക്കൻ കത്തോലിക്കാ സഭ

 
Mexic

ലോകം കാത്തിരിക്കുന്ന 2026 ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ മെക്സിക്കോ ഒരുങ്ങവെ, രാജ്യത്ത് വർധിച്ചുവരാൻ സാധ്യതയുള്ള സുരക്ഷാ ഭീഷണികളെക്കുറിച്ച് ആശങ്കയറിയിച്ച് കത്തോലിക്കാ സഭ. ടൂർണമെന്റിന്റെ ഭാഗമായി ദശലക്ഷക്കണക്കിന് വിനോദസഞ്ചാരികൾ രാജ്യത്തേക്ക് ഒഴുകിയെത്തുമ്പോൾ മനുഷ്യക്കടത്ത്, ലൈംഗിക ചൂഷണം, മറ്റ് അക്രമങ്ങൾ എന്നിവ വർധിക്കാനുള്ള സാധ്യതയുണ്ടെന്ന് സഭ മുന്നറിയിപ്പ് നൽകുന്നു. ചരിത്രത്തിലാദ്യമായി മെക്സിക്കോ, കാനഡ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നീ രാജ്യങ്ങൾ സംയുക്തമായി സംഘടിപ്പിക്കുന്ന ഈ കായിക മാമാങ്കം ആരംഭിക്കാൻ ഇനി ഏതാനും ആഴ്ചകൾ മാത്രമാണ് ബാക്കിയുള്ളത്.

ഇതുമായി ബന്ധപ്പെട്ട് മെക്സിക്കോ സിറ്റി അതിരൂപത പുറപ്പെടുവിച്ച പ്രസ്താവനയിൽ, ഇത്തരം വലിയ കായിക മേളകൾ വിവിധ സംസ്കാരങ്ങളുടെയും സാഹോദര്യത്തിന്റെയും കൈമാറ്റത്തിനുള്ള മികച്ച അവസരമാണെന്ന് വ്യക്തമാക്കുന്നുണ്ട്. എങ്കിലും, ഈ ജനത്തിരക്കിനെ ക്രിമിനൽ ശൃംഖലകൾ വഞ്ചനയിലൂടെയും ഭീഷണിയിലൂടെയും മനുഷ്യരെ ചൂഷണം ചെയ്യാനായി ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും സഭ ഓർമ്മിപ്പിക്കുന്നു.


മെക്സിക്കോയിലെ മത്സര വേദികളിൽ മാത്രം ഏകദേശം 5.5 ദശലക്ഷത്തിലധികം അന്താരാഷ്ട്ര സന്ദർശകർ എത്തുമെന്നാണ് കണക്കാക്കുന്നത്. ഈ വൻ ജനപ്രവാഹം ടൂറിസവുമായി ബന്ധപ്പെട്ട ലൈംഗിക ചൂഷണങ്ങളിലേക്ക് നയിച്ചേക്കാമെന്ന് ഐക്യരാഷ്ട്രസഭ (UNODC), യുണിസെഫ് തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളും ഇരകൾക്കുള്ള സുരക്ഷയും ശക്തമാക്കാൻ അതിരൂപത അധികാരികളോട് ആവശ്യപ്പെട്ടു.

പ്രായപൂർത്തിയാകാത്ത കുട്ടികളെ വലയിലാക്കാൻ കുറ്റവാളികൾ സാമൂഹ്യമാധ്യമങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് മെക്സിക്കോ സിറ്റിയിലെ ‘സിറ്റിസൺ കൗൺസിൽ ഫോർ സെക്യൂരിറ്റി ആൻഡ് ജസ്റ്റിസ്’ വ്യക്തമാക്കുന്നു. കൂടാതെ, മറ്റ് അയൽരാജ്യങ്ങളിൽ നിന്നുള്ള ആളുകളെ നിയമപരമായ ഇമിഗ്രേഷൻ വാഗ്ദാനം ചെയ്ത് കെണിയിൽ പെടുത്തുന്ന പ്രവണതയും വർധിച്ചുവരുന്നുണ്ട്. ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം കുറവായതിനാൽ, വിനോദസഞ്ചാരികൾ കൂടുതൽ എത്തുന്ന മേഖലകളിൽ പ്രത്യേക ബോധവൽക്കരണ കാമ്പെയ്നുകൾ നടത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന് കൗൺസിൽ ശുപാർശ ചെയ്യുന്നു.

ഈ പ്രതിരോധ ദൗത്യത്തിൽ സജീവമായി പങ്കുചേരാൻ മെക്സിക്കോ അതിരൂപതയിലെ ഇടവക വികാരിമാർ, സന്യസ്തർ, മതബോധകർ എന്നിവരുൾപ്പെടെയുള്ള എല്ലാ സഭാംഗങ്ങളോടും അതിരൂപത ആഹ്വാനം ചെയ്തിട്ടുണ്ട്. പള്ളികളിലും മറ്റ് സഭാ കൂട്ടായ്മകളിലും ഈ കുറ്റകൃത്യത്തെക്കുറിച്ച് വ്യക്തമായി സംസാരിക്കാനും വിവരങ്ങൾ അടങ്ങിയ ലീഫ്ലെറ്റുകൾ ജനങ്ങളിലേക്ക് എത്തിക്കാനും നിർദേശമുണ്ട്. ഡിജിറ്റൽ ലോകത്തെ അപകടങ്ങളെക്കുറിച്ച് മാതാപിതാക്കൾക്ക് മാർഗനിർദേശം നൽകുക, കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുക, ചൂഷണങ്ങൾക്ക് ഇരയായവർക്കായി പ്രത്യേക പ്രാർഥനകൾ നടത്തുക എന്നിവയും സഭയുടെ പ്രധാന കർമ്മപരിപാടികളിൽ ഉൾപ്പെടുന്നു.

ഏതെങ്കിലും തരത്തിലുള്ള അപകടസാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കുറ്റവാളികളെ നേരിട്ട് എതിർക്കാനോ, ഇരയാക്കപ്പെട്ട വ്യക്തിയെ പരസ്യമായി തുറന്നുകാട്ടാനോ പാടില്ലെന്ന് അതിരൂപത പ്രത്യേകം ഓർമ്മിപ്പിച്ചു. പകരം വിവേകത്തോടെ പ്രവർത്തിച്ച്, വ്യക്തിയുടെ സുരക്ഷിതത്വം ഉറപ്പാക്കുകയും എത്രയും വേഗം ബന്ധപ്പെട്ട അധികാരികളെ വിവരമറിയിക്കുകയുമാണ് ചെയ്യേണ്ടത്. മനുഷ്യക്കടത്ത് കേസുകൾ സുരക്ഷിതമായി തിരിച്ചറിയുന്നതിനും റിപ്പോർട്ട് ചെയ്യുന്നതിനുമായി വിവിധ സംഘടനകൾ ചേർന്ന് വെബ്‌സൈറ്റും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

Tags

Share this story

From Around the Web