2019-ലെ ഈസ്റ്റർ ബോംബാക്രമണം: രണ്ട് മുൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ശ്രീലങ്കൻ കോടതി വധശിക്ഷ വിധിച്ചു
279 പേരുടെ മരണത്തിനിടയാക്കിയ 2019-ലെ ഈസ്റ്റർ ഞായറാഴ്ചയിലെ ബോംബാക്രമണം തടയുന്നതിൽ പരാജയപ്പെട്ടതിന് രണ്ട് മുൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ശ്രീലങ്കൻ കോടതി വധശിക്ഷ വിധിച്ചു. കൊല്ലപ്പെട്ടവരിൽ 45 വിദേശികളും ഉൾപ്പെടുന്നു.
പ്രാദേശിക ഇസ്ലാമിക തീവ്രവാദി സംഘം നടത്തിയ ദാരുണാമായ ഈ ആക്രമണം തടയുന്നതിൽ മുൻ പൊലീസ് മേധാവി പുജിത് ജയസുന്ദര, മുൻ പ്രതിരോധ മന്ത്രാലയം സെക്രട്ടറി ഹേമസിരി ഫെർണാണ്ടോ എന്നിവർ ഔദ്യോഗിക ചുമതല നിർവഹിക്കുന്നതിൽ പരാജയപ്പെട്ടതായി മൂന്നംഗ ജഡ്ജിമാരുടെ ബെഞ്ച് ഭൂരിപക്ഷ വിധിയിലൂടെ പ്രസ്താവിച്ചു. 66-കാരനായ ജയസുന്ദരയ്ക്കും 76-കാരനായ ഫെർണാണ്ടോയ്ക്കും ഈ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാമെങ്കിലും, ജാമ്യം ലഭിക്കുന്നത് വരെ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
1976-ന് ശേഷം ശ്രീലങ്കയിൽ വധശിക്ഷ നടപ്പാക്കിയിട്ടില്ല. വധശിക്ഷ താൽക്കാലികമായി നിർത്തിവെക്കുന്ന രീതിയാണ് രാജ്യം പിന്തുടരുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ പാർലമെന്റിൽ സമർപ്പിച്ച സർക്കാർ കണക്കുകൾ പ്രകാരം കുറഞ്ഞത് 800 പേരെങ്കിലും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിലുണ്ട്. ഇവരുടെ ശിക്ഷ സാധാരണയായി ജീവപര്യന്തം തടവായി ചുരുക്കാറാണ് പതിവ്.
ഇരുവരെയും കുറ്റവിമുക്തരാക്കിയ 2022-ലെ വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി വെള്ളിയാഴ്ച വിധി പ്രസ്താവിച്ചത്. ഇസ്ലാമിക തീവ്രവാദികൾ നടത്താൻ പോകുന്ന ചാവേർ ആക്രമണ സാധ്യതയെക്കുറിച്ച് 2019 ഏപ്രിൽ നാലിനു തന്നെ ഒരു ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി ശ്രീലങ്കയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും, നടപടിയെടുക്കുന്നതിൽ അധികാരികൾ പരാജയപ്പെടുകയായിരുന്നു എന്ന് വിചാരണവേളയിൽ സർക്കാർ കോടതിയെ അറിയിച്ചു.
2019 ഏപ്രിൽ 21-നാണ് മൂന്ന് ക്രൈസ്തവ ദൈവാലയങ്ങൾക്കും മൂന്ന് പ്രമുഖ ഹോട്ടലുകൾക്കും നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ 500-ലധികം ആളുകൾക്ക് പരിക്കേറ്റു. 2019-ൽ ഫെർണാണ്ടോയും ജയസുന്ദരയും അറസ്റ്റിലാവുകയും ജാമ്യത്തിൽ ഇറങ്ങുന്നതിന് മുൻപ് നാല് മാസം കസ്റ്റഡിയിൽ കഴിയുകയും ചെയ്തിരുന്നു. മുൻപ് നടന്ന ഒരു സിവിൽ കേസിന്റെ വിധി പ്രകാരം, ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടവർക്ക് നഷ്ടപരിഹാരമായി 12.5 കോടി രൂപ (ഏകദേശം $3,72,464) നൽകാനും ഇരുവരോടും ഉത്തരവിട്ടിരുന്നു.
മുതിർന്ന രണ്ട് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായ ‘ഗുരുതരമായ വീഴ്ച’ ‘മനുഷ്യത്വത്തിനെതിരെയുള്ള കുറ്റകൃത്യത്തിന്’ തുല്യമാണെന്ന് പ്രോസിക്യൂട്ടർമാർ ഹൈക്കോടതിയെ അറിയിക്കുകയും ഇവർക്കെതിരെ കൊലപാതക കുറ്റം ചുമത്തുകയുമായിരുന്നു. ഒടുവിൽ 279 പേരുടെ മരണത്തിന് കാരണമായ ഔദ്യോഗിക വീഴ്ചയ്ക്കാണ് ഇരുവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.
ആക്രമണത്തിന് മുന്നോടിയായി ദേശീയ സുരക്ഷാഭീഷണികൾ വിലയിരുത്തുന്നതിൽ അന്നത്തെ പ്രസിഡന്റായിരുന്ന മൈത്രിപാല സിരിസേന നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് പാർലമെന്ററി അന്വേഷണ വേളയിൽ ജയസുന്ദരയും ഫെർണാണ്ടോയും മൊഴി നൽകിയിരുന്നു. അന്നത്തെ പ്രതിരോധ, ക്രമസമാധാന ചുമതലയുള്ള മന്ത്രി കൂടിയായിരുന്ന സിരിസേന ഈ ഭീഷണികളെ ഗൗരവമായി കണ്ടില്ലെന്നും ഇവർ ആരോപിച്ചിരുന്നു.