2006ലെ മുംബൈ സ്‌ഫോടന പരമ്പര കേസ്, പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്ക് സുപ്രീം കോടതി സ്‌റ്റേ.
കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന് ഉന്നയിച്ചാണ് ഹര്‍ജി നല്‍കിയത്

2006ലെ മുംബൈയിലെ സബ് അർബൻ ട്രെയിനിലുണ്ടായ സ്‌ഫോടന പരമ്പര കേസിലെ പ്രതികളെ വെറുതെവിട്ട ബോംബെ ഹൈക്കോടതി നടപടി റദ്ദാക്കി സുപ്രീം കോടതി. 12 പ്രതികളെ കുറ്റവിമുക്തരാക്കിയ വിധിയാണ് സുപ്രീം കോടതി സ്‌റ്റേ ചെയ്തത്.
എന്നാല്‍ പ്രതികളെ വീണ്ടും ജയിലിലേക്ക് അയക്കേണ്ടതില്ലെന്ന് വാദത്തിനിടെ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ജസ്റ്റിസുമാരായ എംഎം സുന്ദരേഷ്, എന്‍കെ സിംഗ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് ആണ് കേസ് പരിഗണിച്ചത്. 2006 ജൂലൈ 11ന് മുംബൈയിലെ സബ്അര്‍ബന്‍ ട്രെയിനിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ 189 പേരാണ് കൊല്ലപ്പെട്ടത്. 800 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
തിങ്കളാഴ്ചയാണ് പ്രതികളെ വെറുതെവിട്ട ഹൈക്കോടതി ഉത്തരവിനെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന് ഉന്നയിച്ചാണ് ഹര്‍ജി നല്‍കിയത്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്തയാണ് സര്‍ക്കാരിന് വേണ്ടി ഹാജരായത്. 2015 സെപ്തംബറില്‍ പ്രത്യേക കോടതിയാണ് മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമത്തിന് കീഴില്‍ മുംബൈ ട്രെയിന്‍ സ്ഫോടനക്കേസിലെ അഞ്ച് പ്രതികള്‍ക്ക് വധശിക്ഷയും ഏഴ് പേര്‍ക്ക് ജീവപര്യന്തം തടവും വിധിച്ചത്. ഈ വിധി തിങ്കളാഴ്ച ബോംബെ ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ഇതിനെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.