യേശുവിന്റെ മാമ്മോദീസയുടെ 2000-ാമത് വാര്‍ഷികം: ഒരുക്കങ്ങള്‍ വിലയിരുത്തുവാന്‍ ജോര്‍ദാന്‍ സന്ദര്‍ശിച്ച് കിരീടാവകാശി
അമ്മാന്‍: ജോര്‍ദാനില്‍ സ്‌നാപക യോഹന്നാനില്‍ നിന്നു യേശുക്രിസ്തു മാമ്മോദീസ സ്വീകരിച്ച മഹാസംഭവത്തിന് 2030-ല്‍ 2,000 വര്‍ഷം തികയുവാനിരിക്കെ മേഖലയിലെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ജോര്‍ദാന്‍ കിരീടാവകാശി അല്‍ ഹുസൈന്‍ ബിന്‍ അബ്ദുള്ള രണ്ടാമന്‍ ജോര്‍ദാനിലെ ഔദ്യോഗിക മാമ്മോദീസ സ്ഥലം സന്ദര്‍ശിച്ചു.
സന്ദര്‍ശനവേളയില്‍, തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമായി ഒരുക്കിയിട്ടുള്ള സൗകര്യങ്ങളും സേവനങ്ങളും അദ്ദേഹം വിലയിരുത്തി. പുണ്യസ്ഥലത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും തീര്‍ത്ഥാടകര്‍ക്ക് മികച്ച അനുഭവം ഉറപ്പാക്കുന്നതിനും അദ്ദേഹം നിര്‍ദേശങ്ങള്‍ നല്‍കി.
2030-ല്‍ നടക്കാനിരിക്കുന്ന ജ്ഞാനസ്‌നാനത്തിന്റെ മഹാജൂബിലി വാര്‍ഷികാഘോഷങ്ങള്‍ സ്ഥലത്തിന്റെ ചരിത്രപരവും വിശ്വാസപരവുമായ പ്രാധാന്യത്തെ പ്രതിഫലിപ്പിക്കുന്ന തരത്തില്‍ സംഘടിപ്പിക്കണമെന്ന് അദ്ദേഹം അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജോര്‍ദാനെ ആഗോള ക്രിസ്തീയ തീര്‍ത്ഥാടന കേന്ദ്രമായി അടയാളപ്പെടുത്തുന്നതിനായി വിനോദസഞ്ചാര മന്ത്രാലയവും ടൂറിസം ബോര്‍ഡുമായി ചേര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍ പ്രചാരണം ശക്തമാക്കാനും അദ്ദേഹം നിര്‍ദ്ദേശം നല്‍കി.
മത-സാംസ്‌കാരിക കാര്യങ്ങള്‍ക്കായുള്ള മുഖ്യ ഉപദേഷ്ടാവും ബാപ്റ്റിസം സൈറ്റ് കമ്മീഷന്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാനുമായ ഗാസി ബിന്‍ മുഹമ്മദ്, പ്രിന്‍സസ് മിറിയം ഗാസി, വിനോദസഞ്ചാര-പുരാവസ്തു വകുപ്പ് മന്ത്രി ഇമാദ് ഹിജാസിന്‍, കിരീടാവകാശിയുടെ ഓഫീസിന്റെ ഡയറക്ടര്‍ സെയ്ദ് ബഖൈന്‍, ബാപ്റ്റിസം സൈറ്റ് കമ്മീഷന്‍ ഡയറക്ടര്‍ ജനറല്‍ അബ്ദുള്ള ബവാരിദ് എന്നിവരും കിരീടാവകാശിയ്ക്കു ഒപ്പം യേശുവിന്റെ ജ്ഞാനസ്‌നാനം നടന്ന തീര്‍ത്ഥാടന കേന്ദ്രം സന്ദര്‍ശിച്ചിരിന്നു.