യേശുവിന്റെ ജ്ഞാനസ്‌നാനത്തിനു 2000 വര്‍ഷം: ആഘോഷത്തിന് ജോര്‍ദാനില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ വീണ്ടും യോഗം

 
JORDHAN


ജോര്‍ദാന്‍: യേശുക്രിസ്തുവിന്റെ ജ്ഞാനസ്‌നാനത്തിന്റെ രണ്ടായിരം വര്‍ഷം തികയുന്ന 2030-ല്‍ വിപുലമായ ആഘോഷിക്കുന്നതിനായി ജോര്‍ദാനില്‍ സര്‍ക്കാര്‍ തലത്തിലുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. 


ജോര്‍ദാനിലെ അല്‍ - മഗ്താസില്‍ നടന്ന യേശുവിന്റെ മാമോദീസയുടെ ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്ത് പ്രധാനമന്ത്രി ജാഫര്‍ ഹസ്സന്റെ നേതൃത്വത്തിലുള്ള ദേശീയ സമിതിയാണ് ഇതിനായുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കുന്നത്. 

ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമന്റെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച ദേശീയ സമിതിയുടെ ആദ്യ യോഗം പ്രധാനമന്ത്രി ജാഫര്‍ ഹസ്സന്റെ അധ്യക്ഷതയില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച ചേര്‍ന്നു. 

ക്രൈസ്തവ സഭാനേതാക്കളുടെ കൗണ്‍സില്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിനും ആഘോഷങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ ഒരുക്കുന്നതിനും യോഗം തീരുമാനിച്ചു.


സമാധാനം, സ്‌നേഹം, സഹവര്‍ത്തിത്വം എന്നിവയുടെ ആഗോള കേന്ദ്രമായി ജോര്‍ദാനെ അടയാളപ്പെടുത്തുന്നതിനൊപ്പം ലോകമെമ്പാടുമുള്ള ക്രൈസ്തവ തീര്‍ത്ഥാടകരുടെ പ്രധാന ലക്ഷ്യസ്ഥാനമായി രാജ്യത്തെ മാറ്റുകയാണ് ഈ ഉദ്യമത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

ആഘോഷങ്ങളുടെ ഭാഗമായി ജ്ഞാനസ്‌നാനം നടന്ന സ്ഥലത്തിന് സമീപം വന്‍തോതിലുള്ള അടിസ്ഥാന സൗകര്യ വികസനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 

തീര്‍ത്ഥാടകര്‍ക്കായി ഒരു സംയോജിത തീര്‍ത്ഥാടന ഗ്രാമം, യേശുക്രിസ്തുവിന്റെ സ്‌നാനത്തെക്കുറിച്ചുള്ള പ്രത്യേക മ്യൂസിയം, പരിസ്ഥിതി സൗഹൃദമായ ഹരിത ഇടനാഴികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 

തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പുവരുത്താന്‍ വിവിധ മന്ത്രാലയങ്ങളുടെ ഏകോപനവും ഉറപ്പാക്കിയിട്ടുണ്ട്.


രാഷ്ട്രത്തെ വിവിധ വകുപ്പുകളിലെ മന്ത്രിമാരെ കൂടാതെ ജോര്‍ദാനിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ആര്‍ച്ച് ബിഷപ്പ് ക്രിസ്റ്റോഫോറോസ് അത്തല്ല, ജോര്‍ദാനിലെ ലാറ്റിന്‍ പാത്രിയാര്‍ക്കല്‍ വികാര്‍ ആര്‍ച്ച് ബിഷപ്പ് ഡോ. ഇയാദ് ത്വാല്, ആംഗ്ലിക്കന്‍ ആര്‍ച്ച് ബിഷപ്പ് ഹൊസ്സാം നൗം, ഇവാഞ്ചലിക്കല്‍ നേതാവ് മുനിബ് യൂനാന്‍, 'ബാപ്റ്റിസം സൈറ്റ് ഡെവലപ്മെന്റ് ഫൗണ്ടേഷന്‍' ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍പേഴ്സണ്‍, 'ബാപ്റ്റിസം സൈറ്റ് കമ്മീഷന്‍' ഡയറക്ടര്‍ ജനറല്‍, ജോര്‍ദാന്‍ ടൂറിസം ബോര്‍ഡ് ഡയറക്ടര്‍ ജനറല്‍, നദീം അല്‍-മൗഷര്‍, ഒസാമ ഇംസീഹ്, ബാസെം ഫറാജ് എന്നിവരും ജ്ഞാനസ്‌നാന മഹാജൂബിലിയ്ക്കു വേണ്ടിയുള്ള ദേശീയ സമിതിയില്‍ അംഗങ്ങളാണ്.

Tags

Share this story

From Around the Web