പൊലീസുകാരിയായ പങ്കാളിയെ ഉപയോഗിച്ച് 20 വനിതാ പൊലീസുകാരെ വിവാഹവാഗ്ദാനം നല്‍കി കബളിപ്പിച്ചു; യുവാവ് പിടിയില്‍

 
tyui


ഒരേ ബാച്ചിലെ 20 ഓളം വനിതാ പൊലീസുകാരെ വിവാഹവാഗ്ദാനം നല്‍കി വഞ്ചിക്കുകയും പണം തട്ടുകയും ചെയ്ത യുവാവ് പിടിയില്‍. പണക്കാരനെന്ന് ചമഞ്ഞാണ് യുവാവ് പൊലീസുകാരെ ഇരകളാക്കിയത്. ആഡംബര ഹോട്ടലുകളിലെ ചിത്രങ്ങളും വിഡിയോകളും ലക്ഷ്വറി കാറുകളിലെ യാത്രകളുമെല്ലാം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചാണ് ഇയാള്‍ ഇരകളെ കണ്ടെത്തിയിരുന്നത്.

ഡല്‍ഹിയിലെ ബുരാരി സ്വദേശിയായ വിക്രാന്ത് ടോമറാണ് ഡല്‍ഹി പൊലീസിന്റെ പിടിയിലായത്. കരോള്‍ബാഗ് പൊലീസ് സ്റ്റേഷനില്‍ നിയമിതയായ വനിതാ പൊലീസുകാരി നല്‍കിയ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്. വനിതാ പൊലീസുകാരെ ആകര്‍ഷിക്കാനുള്ള പ്രധാന മാര്‍ഗമായി ടോമര്‍ കണ്ടത് ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണെന്ന് ഡല്‍ഹി പൊലീസ് പറയുന്നു.

യുവതികളുടെ വിശ്വാസം നേടിയശേഷം വിവാഹവാഗ്ദാനം നല്‍കും. പിന്നാലെ വിവിധ കാരണങ്ങള്‍ പറഞ്ഞ് പണം തട്ടും. ഇതായിരുന്നു പ്രതിയുടെ രീതി. ആഢംബര കാറുകള്‍ വാടകയ്ക്കെടുത്താണ് ഇയാള്‍ വനിതാ പൊലീസുകാരെ പുറത്തുകൊണ്ടുപോയിരുന്നത്. ഒരേ ബാച്ചിലെ 20 വനിതാ പൊലീസുകാരെ ഈ രീതിയില്‍ ഇയാള്‍ വലയിലാക്കിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

എന്നാല്‍, ഇവരില്‍ പലരും പരാതി നല്‍കാന്‍ തയാറായിരുന്നില്ല. നിലവില്‍ ടോമറിനൊപ്പം കഴിയുന്ന പങ്കാളിയും വനിതാ പൊലീസുകാരിയാണെന്ന് അന്വേഷണസംഘം പറഞ്ഞു. പങ്കാളിയായ പൊലീസുകാരിയില്‍നിന്നാണ് മറ്റ് വനിതാ പൊലീസുകാരെക്കുറിച്ചുള്ള വിവരങ്ങള്‍ ഇയാള്‍ ശേഖരിച്ചിരുന്നതെന്നും ഡല്‍ഹി പൊലീസ് പറയുന്നു.


യുവതികളില്‍നിന്ന് തട്ടിയെടുക്കുന്ന പണം വണ്‍എക്‌സ് ബെറ്റിങ് ആപ്പുമായി ബന്ധിപ്പിച്ച അക്കൗണ്ടുകളിലൂടെയാണ് കൈമാറിയിരുന്നതെന്നും പൊലീസ് കണ്ടെത്തി. ഈ പണം എന്തിനാണ് ഉപയോഗിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. സമാനമായ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ടോമറിനെതിരെ അഞ്ച് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. അതേസമയം, ഒരു കേസുമായി ബന്ധപ്പെട്ട് ഈ ജൂണിലാണ് ജാമ്യം നേടി ഇയാള്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയതെന്നും പൊലീസ് വ്യക്തമാക്കി. വിക്രാന്ത് ടോമറിനെ ജില്ലാ സൈബര്‍ പൊലീസ് ചോദ്യംചെയ്തുവരികയാണ്.

Tags

Share this story

From Around the Web