നൈജീരിയയില്‍ ഞായറാഴ്ച ബലിയര്‍പ്പണത്തിനിടെ സായുധസംഘത്തിന്റെ ആക്രമണം: 2 പേരെ തട്ടിക്കൊണ്ടുപോയി

 
nigeriya



അബൂജ: തെക്കുകിഴക്കന്‍ നൈജീരിയയില്‍ ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കിടെ സായുധ സംഘത്തിന്റെ ആക്രമണം. ഓഗസ്റ്റ് 2 ഞായറാഴ്ച എനുഗു സംസ്ഥാനത്തുള്ള ഉഡി ജില്ലയിലെ അഫ, ഇനോയിയിലുള്ള സെന്റ് ജോസഫ്‌സ് പള്ളിയിലാണ് വിശുദ്ധ കുര്‍ബാനയ്ക്കിടെ ആക്രമണം അരങ്ങേറിയത്. 


രാവിലെ എട്ടരയോടെ സായുധധാരികളായ ഏഴ് പേര്‍ പള്ളിയിലേക്ക് ഇരച്ചുകയറി തിരുക്കര്‍മ്മങ്ങള്‍ തടസ്സപ്പെടുത്തുകയും ഭീതി സൃഷ്ടിക്കുകയുമായിരിന്നു. 

ഒരു സെമിനാരി വിദ്യാര്‍ത്ഥി, ഒരു മതബോധന അധ്യാപകന്‍, ഒരു ഇടവകാംഗം എന്നിവരെ അക്രമികള്‍ തട്ടിക്കൊണ്ടുപോയിട്ടുണ്ട്. ശക്തമായ മഴയ്ക്കിടെയാണ് സംഭവം.

സായുധധാരികള്‍ ഭീതി സൃഷ്ടിച്ചതോടെ വിശ്വാസികള്‍ ഓടിരക്ഷപ്പെട്ടുവെന്നു പൊന്തിഫിക്കല്‍ വാര്‍ത്ത ഏജന്‍സിയായ 'എജെന്‍സിയ ഫിഡെസ്' റിപ്പോര്‍ട്ട് ചെയ്യുന്നു.

 അക്രമികളെ പിന്തുടരാന്‍ ചില വിശ്വാസികള്‍ ശ്രമിച്ചെങ്കിലും, അക്രമികള്‍ സായുധധാരികളായതിനാലും ബന്ദികളാക്കപ്പെട്ടവരുടെ ജീവന്‍ അപകടത്തിലാക്കാന്‍ സാധ്യതയുള്ളതിനാലും ആ ശ്രമം ഉപേക്ഷിച്ചു. 

ഇതിനിടെ പോലീസ് നടത്തിയ തിരച്ചിലിനൊടുവില്‍, തട്ടിക്കൊണ്ടുപോയവരില്‍ ഒരാള്‍ രക്ഷപ്പെട്ടതായി പോലീസ് അറിയിച്ചു.

തട്ടിക്കൊണ്ടുപോയവരില്‍ ഒരാളായ മതബോധന അധ്യാപകനാണ് മോചനം ലഭിച്ചത്. എന്നാല്‍ ലോറന്‍സ് ചിഡേര ഇഗ്‌ബോ എന്ന സെമിനാരി വിദ്യാര്‍ത്ഥിയും, ഇമ്മാനുവല്‍ എന്ന വിശ്വാസിയും ഇപ്പോഴും തട്ടിക്കൊണ്ടുപോയവരുടെ പിടിയിലാണ്.

 ഇവരുടെ മോചനത്തിനായി പോലീസ് ശ്രമം തുടരുകയാണ്. നൈജീരിയയില്‍ നടക്കുന്ന തട്ടിക്കൊണ്ടുപോകല്‍ സംഭവങ്ങളില്‍ ഏറെയും മോചനദ്രവ്യത്തിലൂടെ പണം സമ്പാദിക്കാനാണ് സായുധ സംഘങ്ങള്‍ ലക്ഷ്യമിടുന്നത്.

 കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ നൂറുകണക്കിന് ക്രൈസ്തവരെയും വൈദികരെയുമാണ് സായുധ സംഘം തട്ടിക്കൊണ്ടുപോയിരിക്കുന്നത്.

Tags

Share this story

From Around the Web