ഇസ്രായേല്‍ ആക്രമണത്തില്‍ ക്രൈസ്തവ വിശ്വാസികളായ 2 സ്ത്രീകള്‍ക്കു ദാരുണാന്ത്യം

 
ISRAYEL


ഗാസ: പടിഞ്ഞാറന്‍ ഗാസ സിറ്റിയിലെ പാര്‍പ്പിട സമുച്ചയത്തിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് ക്രൈസ്തവ വിശ്വാസികളായ സ്ത്രീകള്‍ക്കു ദാരുണാന്ത്യം. മൈസ ഖാദര്‍ ഇബ്രാഹിം അബു ദാവൂദ്, മേരി ഹാഫെസ് മിഷേല്‍ അല്‍-നജ്ജാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. യുദ്ധത്തിനിടയില്‍ ദീര്‍ഘകാലം 'ഹോളി ഫാമിലി കത്തോലിക്ക ദേവാലയത്തില്‍ അഭയം പ്രാപിച്ച ശേഷം അടുത്തിടെയാണ് ഈ സ്ത്രീകള്‍ പടിഞ്ഞാറന്‍ ഗാസ സിറ്റിയിലെ 'ഇന്‍സ്റ്റിറ്റിയൂഷന്‍സ്' മേഖലയിലുള്ള ഒരു അപ്പാര്‍ട്ട്‌മെന്റിലേക്ക് താമസം മാറിയത്.

ഗാസയിലെ ലാറ്റിന്‍ പാത്രിയാര്‍ക്കേറ്റിന്റെ ഓപ്പറേഷന്‍സ് ഡയറക്ടറായ ജോര്‍ജ്ജ് ആന്റണ്‍ ആക്രമണത്തെ അപലപിച്ചു. മാസങ്ങളോളം പലായനം ചെയ്യപ്പെടുകയും പള്ളിയില്‍ അഭയം പ്രാപിക്കുകയും ചെയ്ത ശേഷം, പുതിയൊരു ജീവിതം പുനരാരംഭിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇവര്‍ വാടക അപ്പാര്‍ട്ട്‌മെന്റിലേക്ക് മാറിയതെന്നും, അതിനുമുമ്പ് യുദ്ധകാലം മുഴുവന്‍ ഹോളി ഫാമിലി ദേവാലയത്തിലാണ് ഇവര്‍ കഴിഞ്ഞിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒക്ടോബര്‍ 3-ന് പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. സംഭവം ഗാസ മുനമ്പിലെ ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്കിടയില്‍ വലിയ ദുഃഖം ഉളവാക്കിയിരിക്കുകയാണെന്നും ജോര്‍ജ്ജ് ആന്റണ്‍ പറഞ്ഞു. ആക്രമണത്തില്‍ ജെറുസലേം പാത്രിയാര്‍ക്കീസ് കര്‍ദ്ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ല അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. യുദ്ധത്തിന് മുന്‍പ് 1,017 പേരുണ്ടായിരുന്ന ഗാസയിലെ ക്രിസ്ത്യാനികളുടെ എണ്ണം 541 ആയി കുറഞ്ഞുവെന്ന് കര്‍ദ്ദിനാള്‍ പിസബല്ല അടുത്തിടെ വെളിപ്പെടുത്തിയിരിന്നു.

Tags

Share this story

From Around the Web