ചുമക്കുള്ള മരുന്ന് കഴിച്ച് 2 കുട്ടികൾ മരിച്ചു 10 പേർ ചികിത്സയിൽ; ടെസ്റ്റ് ഡോസ് കഴിച്ച ഡോക്ടർ അബോധാവസ്ഥയിൽ

ജയ്പൂർ: രാജസ്ഥാനിലെ സികാർ ജില്ലയിൽ ചുമക്കുള്ള മരുന്ന് കഴിച്ചതിനെ തുടർന്ന് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം.
നിതീഷ് (5), സാമ്രാട്ട് (2) എന്നിവരാണ് മരിച്ചത്. കൂടാതെ ചുമ മരുന്ന് കഴിച്ച പത്തോളം പേർ ചികിത്സയിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു.
മരുന്ന് കുറിച്ച് നൽകിയ കമ്മ്യൂണിറ്റി സെന്ററിലെ ഡോക്ടർ മരുന്ന് സുരക്ഷിതമാണെന്ന് തെളിയിക്കാൻ ഒരു ഡോസ് കഴിച്ചതിനെ തുടർന്ന് അബോധാവസ്ഥയി.
തിങ്കളാഴ്ച്ചയായിരുന്നു നിതീഷ് എന്ന കുട്ടി മരിച്ചത്.
കുഞ്ഞിന് നൽകിയത് ഡെക്‌സ്‌ട്രോമെതോർഫൻ ഹൈഡ്രോബ്രൊമൈഡ് എന്ന സംയുക്തം അടങ്ങിയ മരുന്നായിരുന്നു.
മരുന്ന് കഴിച്ച് ഏതാനും മണിക്കൂറുകൾക്ക് ശേഷം തന്നെ കുട്ടി മരിക്കുകയായിരുന്നു. കുട്ടിക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നുവെന്ന് മാതാപിതാക്കൾ അറിയിച്ചു.
നിതീഷിന്റെ മരണവാർത്ത പുറത്തുവന്നതോടെയാണ്, തങ്ങളുടെ കുഞ്ഞ് മരിച്ചതും സമാന കാരണത്താലാണെന്ന് വ്യക്തമാക്കി സാമ്രാട്ടിന്റെ ബന്ധുക്കളും രംഗത്തെത്തിയത്. ഏതാനും ആഴ്ച്ചകൾക്ക് മുന്നെയായിരുന്നു സാമ്രാട്ട് മരണപ്പെട്ടത്.
ചുമ മരുന്ന് കഴിച്ച് ശാരീരിക പ്രശ്‌നങ്ങളുണ്ടായി എന്ന വാർത്ത പുറത്തു വന്നതോടെ ഗ്രാമം മുഴുവൻ ആശങ്കയിലായി. മരുന്ന് കഴിച്ച് തങ്ങളുടെ മക്കൾക്കും പ്രശ്‌നമുണ്ടായി എന്ന് വ്യക്തമാക്കി മറ്റ് ചില രക്ഷിതാക്കളും രംഗത്തെത്തി.
എന്നാൽ, മരുന്നിന് പ്രശ്‌നമില്ലെന്നായിരുന്നു ഗ്രാമത്തിലെ കമ്മ്യൂണിറ്റി സെന്ററിലെ ഡോക്ടറായ താരാചന്ദ് യോഗിയുടെ വാദം.
ഇത് തെളിയിക്കുന്നതിനായി ഡോക്ടർ മരുന്ന് കഴിച്ച് കാണിക്കുകയും ചെയ്തു.
ഇതിന് ശേഷം കാറോടിച്ച് പോകുന്നതിനിടെ ഡോക്ടർക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. സമയം കഴിഞ്ഞിട്ടും വീട്ടിലെത്താത്തതിനാലും ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനാലും അന്വേഷണം ആരംഭിച്ചു.
മണിക്കൂറുകളുടെ അന്വേഷണത്തിന് ശേഷമാണ് ഡോക്ടറെ കാറിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ഒരാഴ്ച മാത്രം സമാന ലക്ഷണങ്ങളോടെ എട്ടോളം കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മരുന്ന് കഴിച്ച ശേഷം പ്രശ്‌നങ്ങളുണ്ടായതോടെ ചുമ മരുന്നിനെതിരെ വ്യാപക പ്രതിഷേധമായിരുന്നു രാജസ്ഥാനിലുണ്ടായത്.
പിന്നാലെ രാജസ്ഥാൻ സർക്കാർ പ്രസ്തുത കമ്പനിയുടെ 22 ബാച്ചുകൾ വിലക്കുകയും മരുന്നിന്റെ വിതരണം മരവിപ്പിക്കുകയും ചെയ്തു.
സംഭവത്തിൽ അന്വേഷണം ആരംഭിക്കാനൊരുങ്ങുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതിനായി നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ സാമ്പിളുകൾ ശേഖരിച്ചു.
മരുന്നുകളുടെ ഗുണനിലവാര പരിശോധയ്ക്ക് ഫുഡ് ആൻഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷനും ഒരുങ്ങുകയാണ്.
സമാന സംഭവത്തിൽ മധ്യപ്രദേശിൽ 15 ദിവസത്തിനിടെ മരിച്ചത് ആറ് കുട്ടികളാണ്.