അമ്പലത്തിനുള്ളില് കയറി ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യാന് പ്ലാനിട്ട് 19കാരന്; 'സ്പെഷല് ഡേ' മെസേജില് കുടുങ്ങി
ഇന്ത്യക്കാരായ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യാന് പദ്ധതിയിട്ട 19കാരന് അമേരിക്കയിലെ ഇലിനോയില് അറസ്റ്റില്. പലാറ്റിനിലെ ടാകോ ബെലില് കാഷ്യറായി ജോലി ചെയ്തിരുന്ന അലക്സാന്ദ്രോ പപൊറാകിസാണ് അറസ്റ്റിലായത്. അറോറയിലെ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില് കൂട്ടക്കൊല നടത്താനായിരുന്നു അലക്സിന്റെ പദ്ധതി.
പലാറ്റിനിലെ അമ്മയുടെ വീട്ടില് നിന്നും അറോറയിലെ അമ്പലത്തിലേക്ക് ഇന്ത്യക്കാരെ കൂട്ടക്കൊല ചെയ്യുകയെന്ന ഉദ്ദേശത്തോടെയാണ് യുവാവ് എത്തിയതെന്ന് പൊലീസ് പറഞ്ഞതായി എന്ബിസി റിപ്പോര്ട്ട് ചെയ്യുന്നു. അമ്പലത്തിനുള്ളില് കയറിയ യുവാവ് തോക്കെടുത്ത് വെടിയുതിര്ത്തുവെങ്കിലും തോക്ക് ജാമായിപ്പോയതോടെ തിരിച്ച് വീട്ടിലേക്ക് മടങ്ങി.
എല്ലാവരും പ്രാര്ഥനാനിരതരായിരുന്ന സമയത്താണിത് സംഭവിച്ചത്. തിരികെ വീട്ടിലെത്തിയ അലക്സ് തോക്ക് എങ്ങനെ ഉപയോഗക്ഷമമാക്കാം എന്ന് നെറ്റില് തിരയുകയും സുഹൃത്തിനെ വിളിച്ച് തന്റെ പദ്ധതിയെ കുറിച്ച് സംസാരിക്കുകയും ചെയ്തു. ഭയന്നുപോയ സുഹൃത്താണ് അലക്സ് തിരികെ അമ്പലത്തിലേക്ക് എത്തും മുന്പ് പൊലീസില് വിളിച്ച് വിവരമറിയിച്ചത്.
ഈ ഞായറാഴ്ച ഒരു പ്രത്യേക ദിവസമാകും എന്നായിരുന്നു സുഹൃത്തിനോട് അലക്സ് പറഞ്ഞത്. പിന്നീട് വീണ്ടും വിളിച്ച ശേഷം തോക്ക് ജാമായിപ്പോയത് കൊണ്ട് ഒന്നും നടന്നില്ലെന്നും ശരവേഗത്തില് ആരും കാണാതെ താന് തിരിച്ച് പോന്നുവെന്നും പറഞ്ഞു.
തീവ്ര വംശീയ ആശയങ്ങള് പിന്തുടര്ന്ന് പോന്ന ആളാണ് അലക്സെന്നും ഇന്ത്യക്കാര്ക്ക് പുറമെ ജൂതന്മാരെയും ആഫ്രിക്കന് അമേരിക്കക്കാരെയും വെള്ളക്കാരല്ലാത്ത എല്ലാവരെയും കൊന്നൊടുക്കണമെന്ന് ഡയറികളില് എഴുതി വച്ചിരുന്നുവെന്നും പൊലീസ് വെളിപ്പെടുത്തി. 'അറോറ ഷൂട്ടര്' എന്നാണ് ഈ കുറിപ്പില് അലക്സ് സ്വയം വിശേഷിപ്പിച്ചത്. വെറുപ്പും വിദ്വേഷവും അക്രമവും ഈ എഴുത്തുകളില് നിറഞ്ഞിരുന്നുവെന്നും പൊലീസ് പറയുന്നു.
അലക്സിന്റെ വീട്ടില് നടത്തിയ പരിശോധനയില് മോഡിഫൈ ചെയ്ത എആര് സ്റ്റൈല് റൈഫിളും 300 വെടിയുണ്ടകളും റീലോഡിങിനുള്ള 10 മാഗസീനുകളും ശരീരത്തിലിടാനുള്ള കവചവും സ്വസ്തിക ചിഹ്നങ്ങളും കണ്ടെടുത്തു. ലൈസന്സില്ലാതെ തോക്ക് കൈവശം വച്ചതിനും ഭീകരാക്രമണാഹ്വാനം നടത്തിയതിനുമടക്കം അലക്സിനെതിരെ കേസ് റജിസ്റ്റര് ചെയ്തു.
അതേസമയം, സുരക്ഷാ ഭീഷണിയെ കുറിച്ച് ബോധവാന്മാരാണെന്നും അധിക സുരക്ഷ ക്ഷേത്രത്തില് ഏര്പ്പെടുത്തിയിട്ടുണ്ടെന്നും ഭക്തരുടെയും ജീവനക്കാരുടെയും വൊളന്റീയര്മാരുടെയും ജീവന് പരിപാലിക്കുമെന്നും ബാലാജി ക്ഷേത്ര മാനേജ്മെന്റ് അറിയിച്ചു. രാവിലെ ഒന്പത് മുതല് രാത്രി ഒന്പതു വരെ കൂടുതല് സുരക്ഷാ ഉദ്യോഗസ്ഥരെ ക്ഷേത്ര പരിസരത്ത് വിന്യസിച്ചിട്ടുണ്ട്.