ഓവുചാല്‍ നിര്‍മാണത്തിനുപോയ 18-കാരന് കിട്ടിയത് 98 കോടിയുടെ നിധി; നിധി കിട്ടുമെന്ന് പ്രതീക്ഷിച്ച് ഇനിയാരും അങ്ങോട്ട് ചെല്ലേണ്ടെന്ന് പോലീസ്
ബ്രസ്സല്‍സ്: വേനലവധിക്കാലത്ത് എന്തങ്കിലും ചെറിയ പണികള്‍ ചെയ്ത് കുറച്ച് പണം കണ്ടെത്താനായാണ് കോബി എന്ന 18-കാരന്‍ ബെല്‍ജിയത്തില്‍ ഓവുചാല്‍ നിര്‍മ്മാണത്തിന് തൊഴിലാളിയായി എത്തിയത്.
എന്നാല്‍, അവനുമുന്നില്‍ പ്രത്യക്ഷപ്പെട്ടതാവട്ടെ സ്വര്‍ണക്കട്ടികളും സ്വര്‍ണനാണയങ്ങളുമൊക്കെ അടങ്ങിയ ഒരു വലിയ 'നിധി'യും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി മണ്ണുമാറ്റുന്നതിനിടയിലാണ് തൊഴിലാളികള്‍ സ്വര്‍ണ്ണക്കട്ടികളും അപൂര്‍വ്വ നാണയങ്ങളും അടങ്ങിയ വന്‍ നിധി ശേഖരം കണ്ടെത്തിയത്.
സിന്റ്-ഗില്ലിസ്-ഡെന്‍ഡര്‍മോണ്ടെ എന്ന സ്ഥലത്ത് ഭൂഗര്‍ഭ പൈപ്പ് മാറ്റുന്ന ജോലികള്‍ക്കിടയിലാണ് ഈ കണ്ടെത്തല്‍ ഉണ്ടായതെന്ന് 'ദി ഗാര്‍ഡിയന്‍' റിപ്പോര്‍ട്ട് ചെയ്തു. ഏതാണ്ട് ഒമ്പത് ദശലക്ഷം യൂറോ മൂല്യം വരുന്നതാണ് ഈ നിധിശേഖരം എന്നാണ് കണക്കാക്കുന്നത്. ചൊവ്വാഴ്ചയാണ് കോബിക്ക് മുന്നില്‍ നിധി ഒരു ചാക്കുകെട്ടില്‍ മണ്ണില്‍നിന്നും പുറത്തുവന്നത്.
സഹപ്രവര്‍ത്തകര്‍ക്കൊപ്പം സൈറ്റില്‍ ജോലി ചെയ്യുകയായിരുന്നു കോബി, 'പെട്ടെന്നാണ് ഞങ്ങള്‍ അവിടെ എന്തോ കിടക്കുന്നത് കണ്ടത്. ആദ്യം അത് ഒരു യൂറോയുടെ നാണയങ്ങളാണെന്നാണ് ഞാന്‍ കരുതിയത്. പിന്നെയാണ് ഞങ്ങള്‍ ഒരു സ്വര്‍ണ്ണക്കട്ടി കണ്ടത്. ഞങ്ങള്‍ വിചാരിച്ചതിലും വലിയൊരു സംഭവമായി മാറി അത്.' ബെല്‍ജിയന്‍ ചാനലായ വിടിഎമ്മിനോട് സംസാരിക്കവെ കോബി പറഞ്ഞു.
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ മദ്യ നിര്‍മ്മാണശാലാ ഉടമയായ തിയോഫിലസ് വാന്‍ ആഷെയ്ക്ക് വേണ്ടി പണിത ഒരു വലിയ വില്ലയുടെ താഴത്തെ നിലയിലെ ഇഷ്ടിക ചുമരിനുള്ളില്‍ ഒരു ബാഗിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണ നാണയങ്ങളും നമ്പറിട്ട സ്വര്‍ണ്ണക്കട്ടികളും അടങ്ങിയ ഈ നിധി.
1899-ലാണ് ഈ സ്ഥലത്ത് മദ്യനിര്‍മ്മാണം ആരംഭിച്ചത്, 1970-ല്‍ അത് അവസാനിച്ചു. ഇരുമ്പ് കവാടത്തില്‍ ഇപ്പോഴും 'വിഎ' എന്ന ചുരുക്കപ്പേര് പതിപ്പിച്ചിട്ടുള്ള ഈ പൈതൃക കെട്ടിടം, പുതിയ ഓഫീസുകളും പാര്‍പ്പിടങ്ങളും നിര്‍മ്മിക്കുന്നതിനായി 'സി.എ.ഡബ്ല്യു ഓസ്റ്റ്-വ്ലാന്‍ഡെറന്‍'എന്ന സാമൂഹ്യക്ഷേമ സംഘടന ഇപ്പോള്‍ പൂര്‍ണമായി നവീകരിച്ചുകൊണ്ടിരിക്കുകയാണ്.
'ബ്രോവര്‍ഷുയിസ് മനോഹരമായ ഒരു കെട്ടിടമായിരുന്നു, എന്നാല്‍ ഇന്ന് അത് പൂര്‍ണമായും പൊളിച്ചുനീക്കുകയാണ്. ഒടുവില്‍ ഇതിന്റെ ചുവരുകള്‍ മാത്രമേ അവശേഷിക്കൂ.' സി.എ.ഡബ്ല്യു.വിലെ ഗീര്‍ട്ട് ഹില്ലേര്‍ട്ടിനെ ഉദ്ധരിച്ച് എച്ച്എല്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ നിധിശേഖരം മനഃപൂര്‍വ്വം ഒളിപ്പിച്ചു വെച്ചതാണ് എന്നാണ് തങ്ങളുടെ പ്രാഥമിക നിഗമനമെന്ന് ഇവര്‍ പറയുന്നു.
അതേസമയം, കണ്ടെത്തിയ വസ്തുക്കളുടെ യഥാര്‍ത്ഥ അവകാശികളെ കണ്ടെത്തുന്നതിനായി ഉദ്യോഗസ്ഥര്‍ ഇതിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സ്വര്‍ണം മോഷ്ടിക്കപ്പെട്ടതല്ലെന്നും ഏതെങ്കിലും കുറ്റകൃത്യങ്ങളുമായി ബന്ധമില്ലാത്തതാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ആദ്യം ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് ഈസ്റ്റ് ഫ്ലാന്‍ഡേഴ്‌സ് പ്രോസിക്യൂട്ടര്‍ ഓഫീസിലെ ഹാനെ ഒല്ലിവിയര്‍ പറഞ്ഞു.
അധികൃതര്‍ ഉടന്‍ തന്നെ പ്രദേശം സംരക്ഷിത മേഖലയായി മാറ്റുകയും സുരക്ഷ കര്‍ശനമാക്കുകയും ചെയ്തിട്ടുണ്ട്. കണ്ടെത്തിയ നിധി ബ്രസ്സല്‍സിലെ ഒരു സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. ഈ കേസ് സങ്കീര്‍ണ്ണമായ ഒരു സിവില്‍ തര്‍ക്കത്തിന് കാരണമായേക്കാമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കെട്ടിട നിര്‍മ്മാണ കരാറുകാര്‍, സാമൂഹ്യക്ഷേമ സംഘടന, വാന്‍ ആഷെ കുടുംബത്തിന്റെ പിന്‍ഗാമികള്‍ എന്നിവരെല്ലാം ഇതിന്റെ അവകാശവാദം ഉന്നയിക്കാന്‍ സാധ്യതയുള്ളവരാണ്.
ബെല്‍ജിയന്‍ നിയമപ്രകാരം, നിധി കണ്ടെത്തുന്നവര്‍ അതിന്റെ യഥാര്‍ത്ഥ അവകാശികള്‍ മുന്നോട്ടുവരുന്നതിനായി കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും കാത്തിരിക്കേണ്ടതുണ്ട്. ജോലിയിലുണ്ടായിരുന്ന തൊഴിലാളികളെ സംബന്ധിച്ചിടത്തോളം, തങ്ങള്‍ക്ക് ലഭിച്ചത് ഒരു വലിയ നിധിശേഖരമാണെങ്കിലും അത് അധികൃതര്‍ക്ക് കൈമാറേണ്ടതാണെന്ന് അറിയാമായിരുന്നുവെന്ന് കോബി പറയുന്നു.
'കുറച്ചു നാണയങ്ങള്‍ മാത്രമായിരുന്നെങ്കില്‍ ഒരുപക്ഷേ ഞങ്ങള്‍ ഇത് കൈമാറില്ലായിരുന്നു.' കുസൃതിച്ചിരിയോടെ കോബി പറയുന്നു. എങ്കിലും, ഒടുവില്‍ ഞങ്ങള്‍ക്ക് ഇത് കണ്ടെത്തിയതിനുള്ള എന്തെങ്കിലും പ്രതിഫലം ലഭിക്കുമായിരിക്കും എന്നാണ് പ്രതീക്ഷയെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ഇനിയും നിധി ലഭിക്കും എന്ന് മൂഢധാരണയുമായി ആരും ആ സ്ഥലത്തേക്ക് പോകേണ്ടതില്ല എന്ന് പോലീസ് സാമൂഹികമാധ്യമത്തിലൂടെ വ്യക്തമാക്കി. പോലീസ് അവിടെമുഴുവന്‍ ഇതിനോടകം അരിച്ചുപെറുക്കിയിട്ടുണ്ട്. കണ്‍സ്ട്രക്ഷന്‍ പണികള്‍ നടന്നുകൊണ്ടിരുന്ന സ്ഥലമാണത്, സ്വര്‍ണം മോഹിച്ച് ചെന്നുകയറിയാല്‍ അവിടെയുള്ള കുഴികളിലോ മറ്റോ വീണ് അപകടം സംഭവിച്ചേക്കാമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.