കമ്മ്യൂണിസ്റ്റ് തടവറയില്‍ 18 വര്‍ഷം; 97-ാം വയസില്‍ അതേ വേദിയില്‍ ദിവ്യബലിയര്‍പ്പിച്ച് കര്‍ദിനാള്‍ ഏണസ്റ്റ് സിമോണി

 
wwww

അല്‍ബേനിയ: അല്‍ബേനിയയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായി 18 വര്‍ഷത്തോളം തടവുശിക്ഷ അനുഭവിച്ച സ്പാക്കിലെ ലേബര്‍ ക്യാമ്പില്‍ 97-ാം വയസില്‍ തിരികെയെത്തി ദിവ്യബലിയര്‍പ്പിച്ച് കര്‍ദിനാള്‍ ഏണസ്റ്റ് സിമോണി. ഏത് നിമിഷവും പിടിക്കപ്പെടാമെന്ന ഭീതിക്കിടയിലും പണ്ട് രഹസ്യമായി ദിവ്യബലികള്‍ അര്‍പ്പിച്ചിരുന്ന അതേ തടവറയില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കര്‍ദിനാള്‍ വീണ്ടും യേശുവിന്റെ തിരുശരീരവും തിരുരക്തവും അര്‍പ്പിച്ചപ്പോള്‍ ആയിരക്കണക്കിന് വിശ്വാസികളാണ് അതിന് സാക്ഷ്യം വഹിച്ചത്.

1963 ലെ ക്രിസ്മസ് ദിനത്തിലാണ് അന്‍വര്‍ ഹോക്ഷയുടെ സ്വേച്ഛാധിപത്യ ഭരണകൂടം ഫാ. ഏണസ്റ്റ് സിമോണിയെ ‘ജനങ്ങളുടെ ശത്രു’ എന്ന് മുദ്രകുത്തി അറസ്റ്റ് ചെയ്യുന്നത്. ആദ്യം വധശിക്ഷയ്ക്ക് വിധിച്ചെങ്കിലും പിന്നീട് അത് 25 വര്‍ഷത്തെ കഠിനതടവാക്കി കുറയ്ക്കുകയായിരുന്നു. 

അല്‍ബേനിയയിലെ സ്പാക്കിലെ ചെമ്പ് ഖനിയിലെ ക്രൂരമായ ജോലി സാഹചര്യത്തിലാണ് അദേഹം വര്‍ഷങ്ങളോളം കഴിച്ചുകൂട്ടിയത്. ഖനിയോട് ചേര്‍ന്നുള്ള ലേബര്‍ ക്യാമ്പില്‍ ജീവന്‍ പണയം വെച്ചാണ് രഹസ്യമായി ദിവ്യബലി അര്‍പ്പിച്ചിരുന്നത്.

“ഓര്‍മ്മയില്‍ നിന്നാണ് ഞാന്‍ ലത്തീന്‍ ഭാഷയില്‍ ദിവ്യബലി ചൊല്ലിയിരുന്നത്. കല്‍ക്കരി അടുപ്പില്‍ ചുട്ടെടുക്കുന്ന അപ്പവും മുന്തിരിയുടെ നീരും ഉപയോഗിച്ചാണ് കൂദാശ അര്‍പ്പിച്ചത്. കണ്ടുപിടിക്കപ്പെട്ടിരുന്നെങ്കില്‍ എന്നെ അപ്പോള്‍ത്തന്നെ വധിക്കുമായിരുന്നു,” കര്‍ദിനാള്‍ ആ പഴയകാലം ഓര്‍ത്തെടുത്തു.

“സുവിശേഷത്താല്‍ പ്രകാശിതമായ മനസിനെ തടവിലാക്കാന്‍ ശക്തമായ ഒരു ചങ്ങലയും ഇല്ല. ദൈവം തന്റെ മക്കള്‍ക്കായി ഒരുക്കിയിരിക്കുന്ന പ്രഭാതത്തെ തടയാന്‍ മാത്രം ദൈര്‍ഘ്യമുള്ള ഒരു രാത്രിയുമില്ല. ദൈവ സ്‌നേഹത്തില്‍ നിന്ന് ഒരു മനുഷ്യനെ വേര്‍പെടുത്താവുന്ന ആഴത്തില്‍ ഒരു തടവറയുമില്ല,” - സന്ദേശത്തിൽ വ്യക്തമാക്കുന്നു.

2016 ലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ കര്‍ദിനാള്‍ പദവി നല്‍കി ഏണസ്റ്റ് സിമോണിയെ ആദരിച്ചത്. വിശ്വാസ പ്രഖ്യാപനത്തിനായി സഹനത്തിന്റെ വലിയ പാത പിന്നിട്ട കര്‍ദിനാളിനെ ‘ജീവിക്കുന്ന രക്തസാക്ഷി’ എന്നാണ് സഭ വിശേഷിപ്പിക്കുന്നത്. ഈ ചരിത്രപരമായ തിരികെയെത്തല്‍ ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ക്ക് വലിയൊരു ആത്മീയ പ്രചോദനമാണ് പകരുന്നത്.
 

Tags

Share this story

From Around the Web