വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ 18 വൈദിക വിദ്യാര്‍ത്ഥികള്‍ ഡീക്കന്‍ പട്ടം സ്വീകരിച്ചു
വത്തിക്കാന്‍ സിറ്റി: പ്രസിദ്ധമായ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്കിടെ ഡീക്കന്‍ പട്ടം സ്വീകരിച്ച് 18 വൈദിക വിദ്യാര്‍ത്ഥികള്‍. റോമിലെ പൊന്തിഫിക്കല്‍ നോര്‍ത്ത് അമേരിക്കന്‍ കോളേജില്‍ നിന്നുള്ള സെമിനാരി വിദ്യാര്‍ത്ഥികളാണ് വൈദിക പരിശീലനത്തിലെ നിര്‍ണ്ണായക ഘട്ടം പിന്നിടുന്ന ഡീക്കന്‍ പട്ടം സ്വീകരിച്ചത്. യുഎസിലെ മിനസോട്ട വിനോണ-റോച്ചസ്റ്റര്‍ രൂപതാധ്യക്ഷനും പ്രമുഖ സുവിശേഷ പ്രഭാഷകനുമായ ബിഷപ്പ് റോബര്‍ട്ട് ബാരണ്‍ ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു.
ദൈവവചന പ്രഘോഷകരാകാനുള്ള തങ്ങളുടെ സുപ്രധാന ദൗത്യത്തെക്കുറിച്ച് ബിഷപ്പ് റോബര്‍ട്ട് ബാരണ്‍ വചനസന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. ക്രിസ്തുവിന്റെ വാക്കുകള്‍ വിശ്വാസികളിലേക്ക് എത്തുമ്പോള്‍ മാറ്റങ്ങള്‍ സംഭവിക്കുമെന്നും അവരുടെ ഹൃദയങ്ങളില്‍ വിശ്വാസാഗ്‌നി ജ്വലിക്കുമെന്നും അദ്ദേഹം പറഞ്ഞു. റോമില്‍ പൂര്‍ത്തിയാക്കുന്ന പഠനത്തിലൂടെയും അനുഭവങ്ങളിലൂടെയും ആര്‍ജ്ജിച്ച ആത്മീയ ചൈതന്യം സ്വന്തം ഇടവകകളിലേക്ക് എത്തിക്കാന്‍ അദ്ദേഹം അവരെ ആഹ്വാനം ചെയ്തു.
'വായിക്കുന്നത് വിശ്വസിക്കുക, വിശ്വസിക്കുന്നത് പഠിപ്പിക്കുക, പഠിപ്പിക്കുന്നത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുക' എന്ന ഉദ്‌ബോധനത്തോടെയാണ് ബിഷപ്പ് ബാരണ്‍ തന്റെ സന്ദേശം ഉപസംഹരിച്ചത്. 18 പുതിയ ഡീക്കന്‍മാരും തങ്ങളുടെ അവസാന വര്‍ഷ പരിശീലനം പൂര്‍ത്തിയാക്കി അടുത്ത വര്‍ഷം അതത് രൂപതകളില്‍വെച്ച് പൗരോഹിത്യം സ്വീകരിക്കും.