ബെത്ലഹേമില്‍ നിന്ന് 175 ക്രിസ്ത്യൻ കുടുംബങ്ങൾ പലായനം ചെയ്തതായി വെളിപ്പെടുത്തല്‍

ബെത്ലഹേം, വെസ്റ്റ് ബാങ്ക്: ഗാസയിലെ യുദ്ധം ഉയര്‍ത്തിയ കൊടിയ ഭീഷണി സാമ്പത്തിക ജീവിതത്തെയും സുരക്ഷാ സാഹചര്യങ്ങളെയും തകർത്തതോടെ, യേശുവിന്റെ ജനനസ്ഥലമായ ബെത്ലഹേമില്‍ നിന്ന് ക്രൈസ്തവര്‍ ഭീതിജനകമായ വിധത്തില്‍ ഒഴിഞ്ഞുപോകുകയാണെന്ന് മുതിർന്ന ഫ്രാൻസിസ്‌കൻ വൈദികന്റെ വെളിപ്പെടുത്തല്‍. “ക്രിസ്ത്യാനികളില്ലാത്ത ബെത്ലഹേമിനെ നിങ്ങൾ കാണണമോ?” എന്ന ചോദ്യമുയര്‍ത്തിയ ഫ്രാൻസിസ്‌കൻ വൈദികനായ ഫാ. ഇബ്രാഹിം ഫാൽത്താസ് വിശുദ്ധനാട്ടിലെ ക്രൈസ്തവ സാന്നിധ്യം ഗുരുതര ഭീഷണിയിലാണെന്ന് മുന്നറിയിപ്പ് നൽകി.
മേഖല യുദ്ധ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ദുരിതത്തിലായതോടെ തീർത്ഥാടകരുടെ അഭാവത്തിൽ 22 മാസമായി തൊഴിൽ നിലച്ചിരിക്കുകയാണെന്നും 175 ക്രിസ്ത്യൻ കുടുംബങ്ങൾ ബെത്ലഹേം വിട്ടുപോയതായും ഫാ. ഇബ്രാഹിം ഫാൽത്താസ് പറഞ്ഞു. പ്രധാനമായും തീര്‍ത്ഥാടക സംഘത്തിലുള്ള സഞ്ചാരികളെ ആശ്രയിച്ച് മുന്നോട്ടുപോയി കൊണ്ടിരിന്നവരായിരിന്നു പ്രദേശവാസികള്‍. ബെത്ലഹേമും വെസ്റ്റ് ബാങ്കും തുറസ്സായ ജയിലുകളായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
2023 ഒക്ടോബർ 7 മുതൽ യാത്രാനിയന്ത്രണം ആരംഭിച്ചതിനെ തുടർന്ന്, ക്രൈസ്തവര്‍ ഉൾപ്പെടെ പാലസ്തീനികൾ ഇസ്രായേലിൽ നിന്നുള്ള തൊഴിൽ നഷ്ടമായി. ജെറുസലേമിലെ അവസ്ഥയില്‍ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. ക്രൈസ്തവരില്‍ 90 ശതമാനം പേരും വിനോദ സഞ്ചാര മേഖലയെ ആശ്രയിക്കുന്നുണ്ടെങ്കിലും ഹോട്ടലുകളും കടകളും അടഞ്ഞുകിടക്കുകയാണ്. യേശുവിന്റെ ജന്മനാടിലെ ക്രൈസ്തവ സമൂഹത്തിന്റെ ഭാവി സംരക്ഷിക്കാൻ അടിയന്തര നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.