തേനിയില്‍ 17 തടവുകാര്‍ ജയില്‍ ചാടി; വ്യാപക തിരച്ചില്‍, കേരളത്തിലേക്ക് കടന്നിട്ടുണ്ടോ എന്ന് സംശയം

 
THENI


 

 
ചെന്നൈ: തമിഴ്നാട്ടിലെ തേനിയില്‍ ജയില്‍ ജീവനക്കാരനെ ആക്രമിച്ച് 17 വിചാരണത്തടവുകാര്‍ ജയില്‍ ചാടി. തേനി ആണ്ടിപ്പട്ടിയിലെ ജില്ലാ ജയിലിലാണ് സംഭവം. തിങ്കളാഴ്ച രാത്രിയോടെയാണ് ജയില്‍ ചാട്ടം. അപസ്മാരം ബാധിച്ചതായി അഭിനയിച്ച് ജീവനക്കാരെ വിളിച്ചുവരുത്തിയ ശേഷമാണ് തടവുകാര്‍ രക്ഷപ്പെട്ടത്. ആക്രമണത്തില്‍ പരിക്കേറ്റ ജയില്‍ ജീവനക്കാര്‍ ചികിത്സയിലാണ്. രക്ഷപ്പെട്ടവരില്‍ നാലുപേരെ പിടികൂടി.
ഒരു തടവുകാരന് അപസ്മാരം ബാധിച്ചതായി ജയില്‍ ജീവനക്കാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ സെല്ലിന്റെ വാതില്‍ തുറന്നപ്പോഴാണ് ആക്രമണമുണ്ടായത്. ജീവനക്കാരെ ആക്രമിച്ച് കീഴടക്കിയ തടവുകാര്‍ ജയില്‍ കവാടത്തിലൂടെ പുറത്തുകടന്നു. തങ്കപ്പാണ്ടി എന്ന ജയില്‍ ജീവനക്കാരന് തലയ്ക്ക് പരിക്കേറ്റു.


രക്ഷപ്പെട്ട തടവുകാരെ കണ്ടെത്താന്‍ തമിഴ്നാട് പൊലീസ് വ്യാപക തിരച്ചില്‍ തുടങ്ങി. 17 പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. വിവിധ ജില്ലകളില്‍ വാഹന പരിശോധനയും സുരക്ഷാ പരിശോധനയും ശക്തമാക്കി. ഒളിവില്‍ പോയവരുടെ ചിത്രങ്ങള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. രക്ഷപ്പെട്ടവരില്‍ നാലുപേരെ പിന്നീട് പിടികൂടി. ശേഷിക്കുന്ന 13 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

കേരളത്തിലേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് അതിര്‍ത്തി മേഖലകളിലും ചെക്പോസ്റ്റുകളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. തേനി, മധുര, ദിണ്ടിഗല്‍ ജില്ലകള്‍ക്കു പുറമേ കേരളത്തിലെ ഇടുക്കി അതിര്‍ത്തിയിലും പരിശോധനകള്‍ നടക്കുകയാണ്. നായ്ക്കളുടെയും ഡ്രോണുകളുടെയും സഹായത്തോടെ സമീപത്തെ വനമേഖലകളിലും തിരച്ചില്‍ തുടരുകയാണ്.

Tags

Share this story

From Around the Web