16കാരിക്ക് 88-കാരിയുടെ എക്‌സ്‌റേ! കോന്നി മെഡിക്കല്‍ കോളേജില്‍ നടപടി; താല്‍ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

 
medical college


പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളേജില്‍ പതിനാറുകാരിയായ രോഗിക്ക് എക്‌സ്‌റേ മാറി നല്‍കിയ സംഭവത്തില്‍ റേഡിയോളജി വിഭാഗത്തിലെ താല്‍ക്കാലിക ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു. സൂപ്രണ്ട് നടത്തിയ അന്വേഷണത്തില്‍ ഗുരുതര വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇതിനുപുറമേ, തെറ്റായ എക്‌സ്‌റേ പരിശോധിച്ച് കുട്ടക്ക് മരുന്ന് കുറിച്ച് നല്‍കിയ പള്‍മനോളജി വിഭാഗം ഡോക്ടര്‍ക്ക് താക്കീത് നല്‍കുകയും ചെയ്തു.

ശ്വാസതടസ്സത്തെ തുടര്‍ന്ന് ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിയോട് ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് എക്‌സ്‌റേ എടുക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ റേഡിയോളജി വിഭാഗത്തില്‍ നിന്ന് നല്‍കിയ കൗണ്ടര്‍ പിഴവ് കാരണം ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന 88-കാരിയായ വയോധികയുടെ എക്‌സ്‌റേയാണ് കുട്ടിയുടെ കൈയില്‍ ലഭിച്ചത്. ഈ എക്‌സ്‌റേ പരിശോധിച്ച ഡോക്ടര്‍, പെണ്‍കുട്ടിയുടെ നട്ടെല്ലിന് വളവുണ്ടെന്ന് തെറ്റായി രോഗനിര്‍ണയം നടത്തുകയും മരുന്നുകള്‍ നിര്‍ദേശിക്കുകയുമായിരുന്നു.


പിന്നീട് കൂടുതല്‍ ചികിത്സയ്ക്കായി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിയപ്പോഴാണ് എക്‌സ്‌റേ മാറിപ്പോയ വിവരം അറിയുന്നത്. ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ എക്‌സ്‌റേ പരിശോധിച്ചപ്പോള്‍ രേഖപ്പെടുത്തിയിരുന്ന പ്രായവും രോഗലക്ഷണങ്ങളും തമ്മിലുള്ള പൊരുത്തക്കേടുകള്‍ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയും കുടുംബവും മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് പരാതി നല്‍കി. സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. വീഴ്ച വരുത്തിയ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് സൂപ്രണ്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി.

Tags

Share this story

From Around the Web