പ്രധാനമന്ത്രിക്കെതിരെയുള്ള അധിക്ഷേപ പരാമർശം, മാപ്പപേക്ഷിച്ച് 15 കാരിയായ പെൺകുട്ടി രംഗത്ത്
ന്യൂഡൽഹി: ജന്തർമന്തറിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയ സംഭവത്തിൽ പെൺകുട്ടി പരസ്യമായി മാപ്പപേക്ഷിച്ചു. തനിക്ക് 15 വയസ്സ് മാത്രമാണ് പ്രായമെന്നും, ചെയ്ത തെറ്റിന് രാജ്യത്തോട് മാപ്പ് ചോദിക്കുന്നുവെന്നും വ്യക്തമാക്കുന്ന പെൺകുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. കൈകൂപ്പി നിുകൊണ്ടാണ് പെൺകുട്ടി മാപ്പ് അപേക്ഷിച്ചത്.
"പ്രതിഷേധത്തിനിടെ ചിലരുടെ സ്വാധീനത്തിൽപ്പെട്ടാണ് പ്രധാനമന്ത്രിക്കെതിരെ മോശം വാക്കുകൾ ഉപയോഗിച്ചത്. എനിക്ക് 15 വയസ്സ് മാത്രമാണ് പ്രായം. ഞാൻ ചെയ്തത് ക്ഷമിക്കാൻ പറ്റാത്ത തെറ്റാണ്. ഇതെന്റെ ആദ്യത്തെയും അവസാനത്തെയും തെറ്റാണ്, മുഴുവൻ രാജ്യത്തോടും ഞാൻ മാപ്പ് ചോദിക്കുന്നു. എനിക്ക് എന്നെത്തന്നെ നോക്കാൻ പോലും നാണക്കേട് തോന്നുന്നു. ദയവായി എന്നോട് ക്ഷമിക്കണം" -പെൺകുട്ടി വീഡിയോയിൽ പറഞ്ഞു.
എന്നാൽ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ പെൺകുട്ടിക്ക് 25 വയസ്സുണ്ടെന്നാണ് രേഖപ്പെടുത്തിയിരുന്നത്. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ അന്തസ്സിനെ ചോദ്യം ചെയ്യുകയും പൊതുസമാധാനം തകർക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് കാണിച്ച് പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. നോയിഡ പൊലീസ് എടുത്ത സീറോ എഫ്.ഐ.ആർ പിന്നീട് ന്യൂഡൽഹി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു.
അതേസമയം, പെൺകുട്ടിയുടെ മാപ്പപേക്ഷ പുറത്തുവരുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, പ്രതിഷേധത്തിനിടെ തന്നെ അധിക്ഷേപിച്ചവരോട് ക്ഷമിക്കാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു. അധിക്ഷേപം കൊണ്ട് ഒന്നും പരിഹരിക്കപ്പെടില്ലെന്നും, വഴിതെറ്റിപ്പോയ യുവാക്കളെ ശിക്ഷിക്കുന്നതിന് പകരം ശരിയായ വഴി കാണിച്ചുകൊടുക്കുകയാണ് സമൂഹം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ചെറുപ്രായത്തിലുണ്ടായ തെറ്റ് തിരുത്താൻ കുട്ടികൾക്ക് അവസരം നൽകണമെന്നും, അവരോട് ക്ഷമിക്കാൻ താൻ തയ്യാറാണെന്നും സമൂഹവും അതിന് തയ്യാറാകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.