ലഹരി ഉപയോഗത്തെ ലഘൂകരിക്കുന്ന സിനിമകള്‍ കുട്ടികള്‍ക്ക് പ്രചോദനമാകുന്നു, സിന്തറ്റിക്ക് ഡ്രഗ്ഗുകളില്‍നിന്ന് സിന്തറ്റിക്ക് ട്രാക്കുകളിലേക്ക് കുട്ടികളെ വഴിതിരിച്ചുവിടണം: കാതോലിക്കാബാവാ

കോട്ടയം: കലാലയങ്ങളിലടക്കം കുട്ടികള്‍ ലഹരിവലയിലേക്ക് വീഴുന്നതായി മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവാ.
മാതൃദേവാലയമായ വാഴൂര്‍ സെന്റ് പീറ്റേഴ്‌സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഓശാന ഞായര്‍ ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലഹരി ഉപയോഗത്തെ ലഘൂകരിക്കുന്ന സിനിമകള്‍ കുട്ടികള്‍ക്ക് പ്രചോദനമാകുന്നുണ്ട്. സിന്തറ്റിക്ക് ഡ്രഗ്ഗുകളില്‍നിന്ന് സിന്തറ്റിക്ക് ട്രാക്കുകളിലേക്ക് കുട്ടികളെ വഴിതിരിച്ചുവിടണം. ഇക്കാര്യത്തില്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ പ്രേം കൃഷ്ണന്റേത് മികച്ച മാതൃകയാണ്.
മൊബൈല്‍ ഫോണുകളില്‍ തളയ്ക്കപ്പെടുന്ന ബാല്യത്തില്‍നിന്നു കുട്ടികളെ കളിക്കളങ്ങളിലേക്കാണ് കളക്ടര്‍ സ്വാഗതം ചെയ്തത്. കുട്ടികള്‍ വായനാശീലത്തില്‍ വളരണമെന്നും ലോകത്തെ ജയിച്ചവരുടെ ചരിത്രം കുട്ടികള്‍ക്ക് പ്രചോദനമാകണമെന്നും പരിശുദ്ധ ബാവാ കൂട്ടിച്ചേര്‍ത്തു.
വാഴൂര്‍ സെന്റ് പീറ്റേഴ്‌സ് പള്ളിയില്‍ രാവിലെ പ്രഭാതനമസ്‌ക്കാരത്തിന് ശേഷം പ്രദക്ഷിണവും കുരുത്തോല വാഴ്വും വിശുദ്ധ കുര്‍ബാനയും നടന്നു. ഇടവക വികാരി ഫാ. കുര്യാക്കോസ് മാണി, സഹവികാരി ഫാ. ജേക്കബ് ഫിലിപ്പോസ് എന്നിവര്‍ നേതൃത്വം നല്‍കി.
വലിയ ആഴ്ചയില്‍ കാതോലിക്കാബാവാ മാതൃ ഇടവകയില്‍ താമസിച്ച് ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുമെന്ന് ഇടവക ട്രസ്റ്റി എം.എ. അന്ത്രയോസ് മറ്റത്തില്‍, സെക്രട്ടറി സെബിന്‍ ബാബു എന്നിവര്‍ അറിയിച്ചു.