പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ തെക്കന്‍ കുരിശുമല 68-ാമത് മഹാതീര്‍ഥാടനത്തിന്റെ രണ്ടാം ഘട്ടം

വെള്ളറട: പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ തെക്കന്‍ കുരിശുമലയിലെ 68-ാമത് മഹാതീര്‍ഥാടനത്തിന്റെ രണ്ടാം ഘട്ടം പെസഹാ വ്യാഴം, ദുഃഖ വെള്ളി ദിവസങ്ങളില്‍ നടക്കും. ഒന്നാംഘട്ട തീര്‍ഥാടനം ഏപ്രില്‍ ആറിന് അവസാനിച്ചിരുന്നു.
രണ്ടാം ഘട്ട തീര്‍ഥാടനവുമായി ബന്ധപ്പെട്ട് 13-ാം തീയതി ഞായറാഴ്ച സംഗമ വേദിയില്‍ തീര്‍ഥാടന കമ്മിറ്റിയും സ്വാഗത സംഘവും സംയുക്തമായി യോഗം ചേര്‍ന്നു രണ്ടാംഘട്ട തീര്‍ഥാാടനത്തിന്റെ ക്രമീകരണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു. ഡയറക്ടര്‍ മോണ്‍. വിന്‍സന്റ് കെ. പീറ്റര്‍ അധ്യക്ഷനായിരുന്നു. ഒന്നാം ഘട്ട തീര്‍ഥാടനത്തിന് ഉണ്ടായിരുന്ന എല്ലാ സൗകര്യങ്ങളും ക്രമീകരണങ്ങളും രണ്ടാം ഘട്ട തീര്‍ഥാടനത്തിനും ഉണ്ടാകുമെന്നു യോഗശേഷം ഡയറക്ടര്‍ അറിയിച്ചു.
കേരള തമിഴ്‌നാട് പോലീസിന്റെയും എക്സൈസ്, ഫയര്‍ഫോഴ്സുകളുടെയും സഹകരണമുണ്ടായിരിക്കും. കേരള -തമിഴ്‌നാട് ട്രാന്‍സ്പോര്‍ട്ട് ബസ് സര്‍വീസ് സൗകര്യവും ഉണ്ടാകും. ആരോഗ്യ രംഗത്തും സര്‍ക്കാരിന്റെയും സ്വകാര്യ സ്ഥാപനങ്ങളുടെയും സൗജന്യ സേവനവും ഉറപ്പു വരുത്തിയിട്ടുണ്ട്.
ഫുഡ് സേഫ്റ്റി, ഗ്രീന്‍ മിഷന്‍ ആന്‍ഡ് ക്ലീനിംഗ് കമ്മിറ്റിയും സജീവമായി പ്രവര്‍ത്തിക്കും. കുടിവെള്ള സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. തീര്‍ഥാടകര്‍ക്ക് പെസഹാ വ്യാഴം, ദുഃഖവെള്ളി ദിവസങ്ങളില്‍ രാവിലെ മുതല്‍ രാത്രി മുഴുവന്‍ സമയവും തീര്‍ഥാടനം നടത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതിനായി രാത്രികാലങ്ങളില്‍ ലൈറ്റും മറ്റ് സൗകര്യങ്ങളും ചെയ്തിട്ടുള്ളതായും അദ്ദേഹം അറിയിച്ചു. പെസഹാവ്യാഴം, ദുഃഖവെള്ളി, വലിയ ശനി ദിവസങ്ങില്‍ സംഗമ വേദിയില്‍ വിശുദ്ധവാര തിരുകര്‍മങ്ങളും ഒരുക്കിയിട്ടുണ്ട്.