ദൈവത്തിന്റെ സഭകള്‍ സഹോദരങ്ങളെ പോലെ ജീവിക്കാനുള്ള വഴികള്‍ തേടണം: മാര്‍ ബസേലിയോസ് ജോസഫ് ബാവാ

 
2111

കോട്ടയം: ദൈവത്തിന്റെ സഭകള്‍ സഹോദരങ്ങളെ പോലെ ജീവിക്കാനുള്ള വഴികള്‍ തേടണമെന്ന് യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസേലിയോസ് ജോസഫ് ബാവാ.

ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ ഓശാന പെരുന്നാള്‍ ശുശ്രൂഷകള്‍ക്കും വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയ്ക്കും മുഖ്യകാര്‍മികത്വം വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

തര്‍ക്കങ്ങളും വ്യവഹാരത്തിന്റെ വഴികളും ഒഴിവാക്കണം. അതാണ് ക്രിസ്തുവിന്റെ മാര്‍ഗം. കഴിഞ്ഞ കാലങ്ങളിലെ മുറിവുകള്‍ ഉണങ്ങാന്‍, അതിന്റെ ആഴങ്ങള്‍ എത്ര വലുതാണെങ്കിലും ഈ പീഡാനുഭവ വാരം കര്‍ത്താവിന്റെ ക്രൂശിന്റെ വഴി ധ്യാനിക്കുന്നതിലൂടെ സാധിക്കണമെന്നും കാതോലിക്ക ബാവ പറഞ്ഞു.

കത്തീഡ്രല്‍ സഹവികാരിമാരായ കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പ കിഴക്കേടത്ത്, കുര്യാക്കോസ് കോര്‍എപ്പിസ്‌കോപ്പ കറുകയില്‍, ഫാ. കുര്യാക്കോസ് കാലായില്‍, ഫാ. എം.ഐ. തോമസ് മറ്റത്തില്‍, ഫാ. ഗീവറുഗീസ് നടുമുറിയില്‍, ഫാ. സനോജ് തെക്കേകുറ്റ്, ഫാ. ലിറ്റു തണ്ടാശേരിയില്‍, ഡീക്കന്‍ ഡോ. ജിതിന്‍ കുര്യന്‍ ആന്‍ഡ്രൂസ് ചിരവത്തറ, ഡീക്കന്‍ ജിതിന്‍ മൈലക്കാട്ട് എന്നിവര്‍
സന്നിഹിതരായിരുന്നു. 

മണര്‍കാട് കത്തീഡ്രലിലെ ദുഃഖവെള്ളി ശുശ്രൂഷകള്‍ക്കും ശ്രേഷ്ഠ ബാവാ മുഖ്യകാര്‍മികത്വം വഹിക്കുമെന്ന് കത്തീഡ്രല്‍ ട്രസ്റ്റിമാരായ സുരേഷ് കെ. ഏബ്രഹാം, ബെന്നി ടി. ചെറിയാന്‍, ജോര്‍ജ് സഖറിയാ, സെക്രട്ടറി പി.എ. ചെറിയാന്‍ എന്നവര്‍ അറിയിച്ചു.

Tags

Share this story

From Around the Web