പരിശുദ്ധ സിംഹാസനവും, വിയറ്റ്‌നാമും ചേര്‍ന്നുള്ള സംയുക്ത പ്രവര്‍ത്തന സംഘത്തിന്റെ 12-ാമത് യോഗം സമാപിച്ചു

വിയറ്റ്‌നാമും പരിശുദ്ധ സിംഹാസനവും തമ്മിലുള്ള സംയുക്ത പ്രവര്‍ത്തന സംഘത്തിന്റെ പന്ത്രണ്ടാമത്തെ യോഗം വത്തിക്കാനില്‍ നടന്നു. തുടര്‍ന്ന് സംയുക്ത പ്രസ്താവന പ്രസിദ്ധീകരിക്കുകയും ചെയ്തു.
പരിശുദ്ധ സിംഹാസന പ്രതിനിധി സംഘത്തിന്റെ തലവനും, സംസ്ഥാനങ്ങളുമായുള്ള ബന്ധങ്ങളുടെ അണ്ടര്‍സെക്രട്ടറിയുമായ മോണ്‍സിഞ്ഞോര്‍ മിറോസ്ലാവ് വച്ചോവ്സ്‌കിയും, വിദേശകാര്യ സഹമന്ത്രിയും വിയറ്റ്‌നാം പ്രതിനിധി സംഘത്തിന്റെ തലവനുമായ ലെ തി തു ഹാങ്ങും യോഗത്തിന് അധ്യക്ഷത വഹിച്ചു.
ചര്‍ച്ചകള്‍ക്കിടയില്‍, ഇരുപക്ഷവും ഉഭയകക്ഷി ബന്ധങ്ങളെയും വിയറ്റ്‌നാമിലെ കത്തോലിക്കാ സഭയുടെ സാഹചര്യത്തെയും അഭിസംബോധന ചെയ്തുവെന്ന് പ്രസ്താവനയില്‍ പറഞ്ഞു.
2024 മെയ് മാസത്തില്‍ രാജ്യത്തിന്റെ തലസ്ഥാനമായ ഹനോയിയില്‍ വച്ചാണ് പതിനൊന്നാമത് സമ്മേളനം നടന്നത്. തുടര്‍ന്ന് ഇരു രാജ്യങ്ങളും നടത്തിയ വിവിധ, ഉയര്‍ന്ന തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍, സംതൃപ്തമായിരുന്നുവെന്നും പ്രസ്താവനയില്‍ അടിവരയിട്ടു.
പുതിയ സമ്മേളനത്തിലൂടെ പരസ്പരമുള്ള ബന്ധം കൂടുതല്‍ പ്രോത്സാഹിപ്പിക്കാനുള്ള സന്നദ്ധത ഇരു പ്രതിനിധികളും ആവര്‍ത്തിച്ചുവെന്നും പ്രസ്താവനയില്‍ കുറിക്കുന്നു. കൂടാതെ, സംയുക്ത പ്രവര്‍ത്തന സംഘത്തിന്റെ സമ്മേളനങ്ങള്‍ ഭാവിയില്‍ തുടരുവാനും ഇരുകൂട്ടരും തീരുമാനിച്ചു.
സൗഹൃദപരവും പരസ്പര വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ളതുമായ' ഒരു അന്തരീക്ഷത്തിലാണ് പ്രവര്‍ത്തനം നടന്നതെന്നു സംയുക്തപ്രസ്താവനയില്‍ എടുത്തു പറഞ്ഞു.
വിയറ്റ്‌നാമില്‍ നിന്നുള്ള പ്രതിനിധിസംഘത്തെ, പരിശുദ്ധ പിതാവ് സ്വകാര്യ സദസില്‍ സ്വീകരിച്ചുവെന്നും, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയത്രോ പരോളിന്‍, സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ഉള്ള ബന്ധങ്ങള്‍ക്കായുള്ള സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് പോള്‍ ഗല്ലഘര്‍ എന്നിവരുമായും സംഘം കൂടിക്കാഴ്ച്ച നടത്തിയെന്നും പ്രസ്താവനയില്‍ പറഞ്ഞു.