ഗ്വാഡലൂപ്പയിലെ മരിയന്‍ തിരുനാളിന് രണ്ടു ദിവസത്തിനിടെ എത്തിയത് 12.8 ദശലക്ഷം തീര്‍ത്ഥാടകര്‍

 
gadalopa



മെക്‌സിക്കോ സിറ്റി: ദൈവമാതാവിന്റെ പ്രത്യക്ഷീകരണം കൊണ്ട് പ്രസിദ്ധമായ മെക്‌സിക്കോയിലെ ഗ്വാഡലൂപ്പയില്‍ തിരുനാളിനോട് അനുബന്ധിച്ച് തീര്‍ത്ഥാടന കേന്ദ്രത്തിലെത്തിയത് 12.8 ദശലക്ഷം വിശ്വാസികള്‍.

ഡിസംബര്‍ 11നും 12നും ഇടയില്‍ ഒരു കോടി 80 ലക്ഷം ആളുകള്‍ ദേവാലയം സന്ദര്‍ശിച്ചുവെന്ന് പ്രാദേശിക അധികാരികളാണ് വ്യക്തമാക്കിയിരിക്കുന്നത്. ടെപിയാക് കുന്ന് വീണ്ടും മെക്‌സിക്കോയുടെ ഗുരുത്വാകര്‍ഷണ കേന്ദ്രമായി മാറുകയായിരിന്നുവെന്നും ദശലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ മെക്‌സിക്കോ നഗരത്തിന്റെ വടക്കേ അറ്റത്ത് ദൈവമാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ വാര്‍ഷികം ആഘോഷിക്കുന്നതിനായി ഗ്വാഡലൂപ്പിലെ ഔവര്‍ ലേഡി ബസിലിക്കയില്‍ ഒത്തുചേരുകയായിരിന്നുവെന്നും അധികാരികള്‍ വെളിപ്പെടുത്തി.


2024-ലെ തീര്‍ത്ഥാടകരുടെ എണ്ണത്തെ മറികടന്നാണ് ഇത്തവണ റെക്കോര്‍ഡ് ഇട്ടിരിക്കുന്നതെന്ന് സഭാനേതൃത്വം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം തിരുനാളിനോട് അനുബന്ധിച്ച് ഒന്നരക്കോടി വിശ്വാസികളാണ് തീര്‍ത്ഥാടനം നടത്തിയത്.

മെഡിക്കല്‍ സംഘങ്ങള്‍, പൊതു ക്രമസമാധാന പരിപാലനത്തിന് പതിനായിരകണക്കിന് സുരക്ഷ ജീവനക്കാര്‍ ഉള്‍പ്പെടെ വലിയ സജ്ജീകരണം തീര്‍ത്ഥാടന കേന്ദ്ര പരിസരങ്ങളില്‍ ക്രമീകരിച്ചിരിന്നു. 1531-ല്‍ മെക്സിക്കന്‍ കര്‍ഷകനായ ജുവാന്‍ ഡിഗോയ്ക്ക് ദൈവമാതാവ് നല്‍കിയ പ്രത്യക്ഷപ്പെടലിലൂടെ ആഗോള ശ്രദ്ധ നേടിയ കേന്ദ്രമാണ് ഗ്വാഡലൂപ്പ.


തനിക്ക് ലഭിച്ച ദര്‍ശനം ബിഷപ്പിന് മുന്നില്‍ സ്ഥിരീകരിക്കുവാന്‍ പരിശുദ്ധ അമ്മ സമ്മാനിച്ച പുഷ്പവുമായി എത്തിയ ജുവാന്‍ തന്റെ മേലങ്കി ബിഷപ്പിന് മുന്നില്‍ തുറന്നപ്പോള്‍ പൂക്കള്‍ സൂക്ഷിച്ചിരുന്ന സ്ഥാനത്ത് ജുവാനു പ്രത്യക്ഷപ്പെട്ട അതേ രൂപത്തില്‍ പരിശുദ്ധ അമ്മയുടെ ചിത്രം അത്ഭുതകരമായി ആലേഖനം ചെയ്തിരിക്കുകയായിരിന്നു. ഈ ചിത്രമാണ് 'ഗ്വാഡലൂപിലെ പരിശുദ്ധ മാതാവ്' എന്ന പേരില്‍ പ്രസിദ്ധമായത്.

സംഭവത്തിനു ശേഷമുള്ള നൂറ്റാണ്ടുകളില്‍ ആശ്ചര്യജനകമായതും, വിവരിക്കാനാവാത്തതുമായ അനേകം പ്രത്യേകതകള്‍ 'ഗ്വാഡലൂപിലെ പരിശുദ്ധ മാതാവിന്റെ' ഈ ചിത്രത്തില്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിന്നു. 'മെക്സിക്കോയുടെ റാണി', 'ലാറ്റിനമേരിക്കയുടെ രാജ്ഞി', 'ഗര്‍ഭസ്ഥശിശുക്കളുടെ സംരക്ഷക' എന്നീ വിശേഷണങ്ങളിലൂടെയും ഗ്വാഡലൂപ്പ മാതാവ് അറിയപ്പെടുന്നുണ്ട്.

Tags

Share this story

From Around the Web