ഈസ്റ്ററിനോട് അനുബന്ധിച്ച് സിംഗപ്പൂരില്‍ 1250 പേര്‍ കത്തോലിക്ക വിശ്വാസം സ്വീകരിക്കും
സിംഗപ്പൂര്‍ സിറ്റി: ഈ വരുന്ന ഈസ്റ്ററിനോട് അനുബന്ധിച്ച് സിംഗപ്പൂരില്‍ 1250 പേര്‍ കത്തോലിക്ക വിശ്വാസം സ്വീകരിക്കുവാന്‍ ഒരുങ്ങുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് രാജ്യത്ത് ഇത്രയും അധികം പേര്‍ ഒരുമിച്ച് കത്തോലിക്ക വിശ്വാസം സ്വീകരിക്കാന്‍ ഒരുങ്ങുന്നത്.
വിശ്വാസ രൂപീകരണ പരിപാടികളിലൂടെ നിരവധി ആളുകൾ സഭയിൽ അംഗമായി വിശ്വാസ പ്രഖ്യാപനം നടത്താന്‍ മാസങ്ങളായി തയ്യാറെടുക്കുകയാണെന്ന് സിംഗപ്പൂർ അതിരൂപത വ്യക്തമാക്കി.
സിംഗപ്പൂരിലെ പള്ളികളിൽ 978 പേര്‍ ജ്ഞാനസ്നാനം സ്വീകരിക്കാനും 155 അര്‍ത്ഥികള്‍ സ്ഥൈര്യലേപനത്തിലൂടെ വിശ്വാസ സ്ഥിരീകരണം നടത്താനും ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ചടങ്ങിനിടെ, സഭയിൽ ചേരാൻ തയ്യാറെടുക്കുന്നവർ ക്രിസ്തുവിനെ അനുഗമിക്കാനുള്ള പ്രതിബദ്ധത പ്രകടമാക്കുന്ന പുസ്തകത്തില്‍ പേരുകൾ രേഖപ്പെടുത്തിയെന്ന് അതിരൂപത വ്യക്തമാക്കി.
രാജ്യത്തു സുവിശേഷവത്ക്കരണ ഉദ്യമങ്ങള്‍ ഫലപ്രദമാകുന്നുവെന്നതിന്റെ തെളിവായാണ് സഭയിലേക്ക് കടന്നുവരുന്നവരുടെ എണ്ണത്തിലുള്ള വളർച്ച വിലയിരുത്തുന്നത്.