തായ്ലന്‍ഡില്‍ 120 ദശലക്ഷം വര്‍ഷം പഴക്കമുള്ള ദിനോസര്‍ കാല്‍പ്പാടുകള്‍ കണ്ടെത്തി? ഫോട്ടോ പങ്കുവെച്ച് വിനോദസഞ്ചാരി, തായ്ലന്‍ഡിലെ ധാതുവിഭവ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ഇത് സ്ഥിരീകരിച്ചു

 
TAILAND


തായ്ലന്‍ഡിലെ ഫു ഫ്രാബത്ത് ദേശീയോദ്യാനത്തില്‍ ഏകദേശം 120 ദശലക്ഷം വര്‍ഷം പഴക്കമുള്ള ദിനോസര്‍ കാല്‍പ്പാടുകള്‍ കണ്ടെത്തി. ഉഡോണ്‍ താനി പ്രവിശ്യയിലെ ഒരു അരുവിക്കരയില്‍ കുടുംബത്തോടൊപ്പം സന്ദര്‍ശനത്തിനെത്തിയ 32 കാരനായ പിച്ചൈ പ്രതേത്സേന എന്ന വിനോദസഞ്ചാരിയാണ് വിചിത്രമായ അടയാളങ്ങള്‍ കണ്ട് ഫോട്ടോയെടുത്ത് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഈ ചിത്രമാണ് പിന്നീട് വലിയൊരു ചരിത്രപരമായ കണ്ടെത്തലിലേക്ക് വിദഗ്ധരെ നയിച്ചത്.

വിനോദസഞ്ചാരി പങ്കുവെച്ച ചിത്രം പരിശോധിച്ച തായ്ലന്‍ഡിലെ ധാതുവിഭവ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ഇത് സ്ഥിരീകരിച്ചത്. മാംസഭോജികളായ തെറോപോഡ് വിഭാഗത്തില്‍പ്പെട്ട ദിനോസറുകളുടെ ആറ് കാല്‍പ്പാടുകളാണ് ഈ പാതയിലുള്ളതെന്ന് വിദഗ്ധര്‍ കണ്ടെത്തി. ഓരോ കാല്‍പ്പാടിനും ഏകദേശം 29 സെന്റിമീറ്റര്‍ നീളവും 26 സെന്റിമീറ്റര്‍ വീതിയുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ദിനോസറിന് ഏകദേശം 1.42 മീറ്റര്‍ ഉയരവും 6.3 മീറ്റര്‍ നീളവും ഉണ്ടായിരുന്നതായി ഗവേഷകര്‍ കണക്കാക്കുന്നു.


ഫോസിലുകള്‍ക്ക് കേടുപാടുകള്‍ വരാതിരിക്കാന്‍ പ്രദേശത്തേക്കുള്ള പ്രവേശനം അധികൃതര്‍ താല്‍ക്കാലികമായി നിരോധിച്ചിട്ടുണ്ട്. സന്ദര്‍ശകരില്‍ നിന്നുള്ള നാശനഷ്ടങ്ങളും പ്രകൃതിദത്ത മണ്ണൊലിപ്പും തടയുന്നതിനായി ഈ മേഖലയില്‍ കര്‍ശനമായ സംരക്ഷിത മേഖല രൂപീകരിക്കാന്‍ ദേശീയ ഉദ്യാന വകുപ്പും ഫൈന്‍ ആര്‍ട്‌സ് വകുപ്പും സംയുക്തമായി നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്.

ചരിത്രാതീത കാലത്തെ മൃഗങ്ങളുടെ സഞ്ചാര രീതികളെയും പെരുമാറ്റങ്ങളെയും കുറിച്ച് വിലപ്പെട്ട വിവരങ്ങള്‍ നല്‍കാന്‍ ഇത്തരം ട്രെയ്സ് ഫോസിലുകള്‍ക്ക് സാധിക്കുമെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. കൂടുതല്‍ പഠനങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കും ശേഷം ഈ പ്രദേശം ശാസ്ത്ര ഗവേഷണത്തിനും വിനോദസഞ്ചാരത്തിനുമുള്ള ഒരു പ്രധാന വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.

Tags

Share this story

From Around the Web