കടയില്‍ നല്‍കിയത് നൂറ് രൂപയുടെ 12 പഴയ നോട്ട്; കടയുടമയുടെ സംശയത്തില്‍ പിടിവീണു, കൈവശം 51 എണ്ണം കൂടി, 63 കള്ളനോട്ടുകളുമായി ഒരാള്‍ പിടിയില്‍

 
police


ഹരിപ്പാട്: കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ നല്‍കിയ നൂറ് രൂപയുടെ പഴയ നോട്ടുകളില്‍ സംശയം തോന്നി കടയുടമ വിവരം നല്‍കിയതിനെത്തുടര്‍ന്ന് കള്ളനോട്ടുമായി ഒരാള്‍ പൊലീസിന്റെ പിടിയിലായി. ചെറുതന ആയാപറമ്പ് ആലിന്‍ചുവട് ജങ്ഷനു സമീപമുള്ള കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ പശ്ചിമബംഗാള്‍ മാള്‍ഡ സ്വദേശി ഭൂവന്‍ മണ്ഡല്‍ (50) ആണ് വീയപുരം പൊലീസിന്റെ പിടിയിലായത്. ആകെ 63 കള്ളനോട്ടുകളാണ് ഇയാളില്‍നിന്ന് പിടിച്ചെടുത്തത്.

ചെറുതന ആയാപറമ്പ് ആലിന്‍ചുവട് ജങ്ഷനിലെ കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങിയ ശേഷമാണ് ഭൂവന്‍ മണ്ഡല്‍ 100 രൂപയുടെ 12 പഴയ നോട്ടുകള്‍ കടയുടമയ്ക്ക് നല്‍കിയത്. ഒരുമിച്ച് ഇത്രയധികം പഴയ നോട്ടുകള്‍ ലഭിച്ചതിലും അവയുടെ പ്രത്യേകതയിലും കടയുടമ സുനിലിന് സംശയം തോന്നുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം വിവരം പൊലീസിനെ അറിയിച്ചു.


സ്ഥലത്തെത്തിയ വീയപുരം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് പരിശോധന നടത്തി. കടയില്‍ നല്‍കിയ 12 നോട്ടുകള്‍ക്കു പുറമെ, ഇയാളുടെ കൈവശമുണ്ടായിരുന്ന 100 രൂപയുടെ 51 പഴയ നോട്ടുകള്‍ കൂടി പൊലീസ് കണ്ടെത്തി. പിടിച്ചെടുത്ത നോട്ടുകള്‍ ഹരിപ്പാട് എസ്ബിഐ ശാഖയില്‍ കൊണ്ടുപോയി പരിശോധിച്ചപ്പോഴാണ് ഇവ കള്ളനോട്ടുകളാണെന്ന് സ്ഥിരീകരിച്ചത്. സംഭവത്തില്‍ വീയപുരം പൊലീസ് കേസെടുത്ത് തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.

Tags

Share this story

From Around the Web