സ്കൂൾ ബസിന് മുകളിലേക്ക് മരം മറിഞ്ഞു വീണു, 11 വയസ്സുകാരൻ വിഹാന് മരണം, മകന്റെ ക്രിക്കറ്റ് ബാറ്റുമായി കാത്തിരിക്കുന്ന അമ്മയുടെ വേദന

 
death

മുംബൈ: സ്കൂൾ ബസിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണുണ്ടായ അപകടത്തിൽ 11 വയസ്സുകാരന് ദാരുണാന്ത്യം. ചെമ്പൂരിൽ യൂണിവേഴ്സൽ സ്കൂൾ വിദ്യാർത്ഥി വിഹാൻ ശ്രീവാസ്തവാണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം സ്കൂൾ കഴിഞ്ഞ് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം വീഴുകയായിരുന്നു.

മകൻ ഇനി തിരിച്ചുവരില്ലെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാനാവാതെ വിഹാന്റെ അമ്മ ജൂഹി ഇപ്പോഴും തളർന്നിരിക്കുകയാണ്. സ്കൂൾ വിട്ടു വന്നാൽ പതിവുപോലെ കളിക്കാൻ പോകാൻ ഓടിയെത്തുന്ന മകനെ പ്രതീക്ഷിച്ച്, അവന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് ബാറ്റും മടിയിൽ വെച്ച് റോഡിലേക്ക് കണ്ണുനട്ടിരിക്കുന്ന ജൂഹിയുടെ ദൃശ്യം കണ്ടുനിന്നവരുടെ ഉള്ളുതകർക്കുന്നതാണ്. ഒരു പ്രൊഫഷണൽ ക്രിക്കറ്റർ ആകണമെന്നതായിരുന്നു വിഹാന്റെ വലിയ സ്വപ്നമെന്ന് അയൽവാസിയായ രാജി മൽഹോത്ര ഓർക്കുന്നു.

ബസിലുണ്ടായിരുന്ന 13 കുട്ടികളിൽ നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ തന്നെ സെൻ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും വിഹാന്റെ ജീവൻ രക്ഷിക്കാനായില്ല. മരം വീണ ഉടൻ തന്നെ ബസ് കണ്ടക്ടറും നാട്ടുകാരും ചേർന്ന് നടത്തിയ സമയോചിതമായ ഇടപെടൽ വലിയൊരു ദുരന്തം ഒഴിവാക്കാൻ സഹായിച്ചു. പരിക്കേറ്റ മറ്റ് കുട്ടികൾ ചികിത്സയിലാണ്. മിടുക്കനായ വിദ്യാർത്ഥിയായിരുന്ന വിഹാന്റെ വിയോഗം സ്കൂൾ അധികൃതരെയും സഹപാഠികളെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

Tags

Share this story

From Around the Web