പാര്‍ട്ടിക്ക് മുന്നില്‍ സുരേഷ് ബാബുവിനെതിരെ 11 പരാതികള്‍; അന്വേഷണത്തിനൊരുങ്ങി സിപിഎം നേതൃത്വം,അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടി
പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കിയ ഇ.എന്‍ സുരേഷ് ബാബുവിനെതിരായ പരാതികള്‍ അന്വേഷിക്കാന്‍ സംസ്ഥാന നേതൃത്വം. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടിയുണ്ടാകും.
ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയെങ്കിലും നിലവില്‍ സംസ്ഥാന കമ്മിറ്റിയംഗമാണ് സുരേഷ് ബാബു. പരാതികള്‍ നിലനില്‍ക്കേ സംസ്ഥാന കമ്മിറ്റിയംഗമായി തുടരുന്നത് പാര്‍ട്ടിക്ക് വീണ്ടും തലവേദന ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.
പാര്‍ട്ടി അനുകൂല അഭിഭാഷക സംഘടനാ നേതാവ് കൂടിയായ അഭിഭാഷകയോട് അപമാര്യാദയായി പെരുമാറി, റിയല്‍ എസ്റ്റേറ്റ്, സ്പിരിറ്റ് മാഫിയ സംഘങ്ങളുമായി വഴിവിട്ട ബന്ധം, ജില്ലയില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു തുടങ്ങി 11 പരാതികളാണ് സുരേഷ് ബാബുവിനെതിരെയുള്ളത്. അഭിഭാഷക ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ നല്‍കിയതായാണ് വിവരം.
ആരോപണങ്ങള്‍ തെളിഞ്ഞാല്‍ സുരേഷ് ബാബുവിനെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്താനാണ് സാധ്യത. ഒരുപക്ഷേ എല്ലാ ജില്ലകളിലെയും വിപുലീകൃത കമ്മിറ്റികള്‍ പൂര്‍ത്തിയായ ശേഷമാകും നടപടിയിലേക്ക് കടക്കുക.
സുരേഷ് ബാബുവിനെതിരായ നടപടി നവീകരണത്തിന്റെ ഭാഗമാണെന്ന് സിപിഎം നേതാവ് എന്‍.എന്‍ കൃഷ്ണദാസ് പറഞ്ഞു. നടപടി തിരുത്തലിന്റെ ഭാഗമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും പ്രതികരിച്ചു.
ജില്ലാ സെക്രട്ടറിക്കെതിരെ പരാതി കിട്ടിയോ ഇല്ലയോ എന്നതല്ല കാര്യം. വിപുലീകൃത കമ്മിറ്റി കൂടുന്നത് ഒഴിവാക്കേണ്ടവരെ ഒഴിവാക്കാനും ഉള്‍പ്പെടുത്തേണ്ടവരെ ഉള്‍പ്പെടുത്താനുമാണെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി. എല്ലാം സെക്രട്ടറി പറഞ്ഞിട്ടുണ്ടെന്നായിരുന്നു സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം.ബി രാജേഷിന്റെ പ്രതികരണം.
ഇ.എന്‍ സുരേഷ് ബാബുവിനെ പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയത് മെറിറ്റിന്റെ അടിസ്ഥാനത്തലാണെന്ന് സിപിഎം നേതാവ് വി. ശിവന്‍കുട്ടി പറഞ്ഞു. നേതൃത്വം എല്ലാം മനസ്സിലാക്കുന്നുണ്ടോ എന്ന സംശയം പ്രവര്‍ത്തകര്‍ക്കുണ്ടായിരുന്നു. ഇപ്പോള്‍ അതെല്ലാം മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇ.എന്‍ സുരേഷ് ബാബുവിന് പുറമെ മറ്റ് ജില്ലാ സെക്രട്ടറിമാര്‍ക്ക് എതിരെയും നടപടിക്ക് സാധ്യതയുണ്ട്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിനെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന. പാലക്കാട്ടെ എ.കെ ബാലന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ സുരേഷ് ബാബുവിനെ സംരക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അത് സംസ്ഥാന നേതൃത്വം മുഖവിലക്കെടുത്തില്ലെന്നാണ് വിവരം.